ഇടവകയിലെ ഭാവി തലമുറയുടെ വിദ്യാഭ്യാസം, വ്യക്തിത്വ വികസനം, കലാവാസന മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാപിയന്‍സ എഡ്യുസെന്റര്‍ ആരംഭിച്ചു. പരുത്തിയൂര്‍ വി. മരിയ മഗ്ദലേന ഇടവകയിലെ വിദ്യാഭ്യാസ സമിതിയുടെ കീഴില്‍, സെപ്റ്റംബര്‍ 5-ാം തിയതി ഞായറാഴ്ചയാണ് സെന്റർ ആരംഭിച്ചത്. അതിരൂപതാ വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടര്‍ ബഹു. ഫാ. മെള്‍ക്കോണ്‍ ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും പുല്ലുവിള ഫെറോന വികാരി ബഹു. ഫാ. സില്‍വസ്റ്റര്‍ കുരിശ് ആശീര്‍വാദ കര്‍മ്മവും വെബ്‌സൈറ്റ് പ്രകാശനവും നിര്‍വഹിച്ചു. പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റര്‍ ബഹു. ഫാ. പ്രദീപ് ബ്രൗഷര്‍ പ്രകാശനം ചെയ്ത് ആശംസകളര്‍പ്പിച്ചു.
ബ്ലോക്ക്, പഞ്ചായത്ത്, ഇടവക പ്രതിനിധികളും സന്നിഹിതരായിരുന്നു. ജ്ഞാനം എന്നതിന്റെ ഇറ്റാലിയന്‍ പദമാണ് സാപിയന്‍സ. വിശുദ്ധ ഗ്രന്ഥത്തില്‍ സോളമന്‍ രാജാവ് പ്രാര്‍ത്ഥിക്കുന്നതുപോലെ മനുഷ്യന് സിദ്ധിക്കേണ്ട മഹത്തായ ദൈവീക ദാനമാണ് ജ്ഞാനം എന്ന തിരിച്ചറിവും ഈ നാമകരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതായി സംഘാടകർ പറഞ്ഞു. നിരവധിയായ കാര്യപരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് ഒരുക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായ് നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു. ആദ്യ പരിപാടിയായി സെപ്റ്റംബര്‍ 12 -ാം തിയ്യതി ഞായറാഴ്ച പ്രസംഗ പരിശീലനം സംഘടിപ്പിക്കുകയും ചെയ്തു.