തുമ്പ: ലോക സമാധാനം, കുടുംബങ്ങളിലെ ശാന്തി, ലഹരി മോചനം എന്നീ ലക്ഷ്യങ്ങളോടെ തുമ്പ ഇടവകയിൽ സമ്പൂർണ്ണ ബൈബിൾ എഴുതി തയ്യാറാക്കി. ‘തിരുവെഴുത്ത് 2025’ എന്ന പേരിൽ നടന്ന പരിപാടിയിൽ ഇടവകയിലെ 6 വയസ് മുതൽ 83 വയസ് വരെയുള്ള ഇടവകാംഗങ്ങൾ ഒരു മണിക്കൂറിലാണ് ബൈബിൾ മുഴുവൻ എഴുതി പൂർത്തിയാക്കിയത്. തുമ്പ ഇടവക വികാരി ഫാ. ജോസ് മോൻ ബെഞ്ചമിൻ നേതൃത്വം നൽകി.
തിരുവെഴുത്ത് 2025- ൽ പങ്കെടുത്ത അംഗങ്ങൾ കുമ്പസാരിച്ചൊരുങ്ങി ഒരുമാസക്കാലം ദിവ്യബലി, ആരാധന, പ്രാർത്ഥന എന്നിവയിൽ പങ്കെടുത്താണ് ബൈബിൾ പകർത്തിയെഴുതിയത്. തിരുവെഴുത്തിൽ പങ്കെടുക്കാനായി നിരക്ഷരരായവർ അക്ഷരാഭ്യാസം നടത്തി പങ്കെടുത്തത് ദൈവവചനത്തോടുള്ള ആഴമായ വിശ്വാസം വെളിപ്പെടുത്തുന്നതായി മാറി. സമ്പൂർണ്ണ ബൈബിൾ കൈയെഴുത്ത് പ്രതി വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ ദിനമായ ഒക്ടോബർ 28-ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി മധ്യേ അഭിവന്ദ്യ ബിഷപ് സിൽവെസ്റ്റർ പൊന്നുമുത്തൻ പ്രകാശനം ചെയ്തു ഇടവക ദേവാലയത്തിൽ പ്രതിഷ്ഠിക്കും.