ശ്രീകാര്യം: ശ്രീകാര്യം സെൻറ് ക്രിസ്റ്റഫർ ചർച്ച് സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ മാസം എട്ടാം തീയതി ഞായറാഴ്ച ലോക പരിസ്ഥിതി ദിന വാരാഘോഷത്തോടനുബന്ധിച്ച് ‘പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് മാലിന്യം തടയൽ’ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് നടന്നു. ഡോൾഫോഡ്സ് ഫൗണ്ടേഷൻ സിഇഒ ശ്രീ അഗസ്റ്റിൻ ഇ. ജോസഫ് ക്ലാസിന് നേതൃത്വം നൽകി. പ്ലാസ്റ്റിക് ഉപയോഗം എങ്ങനെ കുറയ്ക്കാമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ തടയാമെന്നും പരിസ്ഥിതി എങ്ങനെ സംരക്ഷിക്കണമെന്നും വിശദമായി അദ്ദേഹം പ്രതിപാദിച്ചു. ഇടവക വികാരി ഫാദർ പ്രമോദിന്റെ സ്വാഗത പ്രസംഗത്തോടെയാണ് കാര്യപാരിപാടികൾ ആരംഭിച്ചത്. മതബോധന വിദ്യാർത്ഥികളുടെയും ഇടവകാ ജനങ്ങളുടെയും സജീവ സാന്നിധ്യം കൊണ്ട് ക്ലാസ് ശ്രദ്ധേയമായി. ക്ലാസിനുശേഷം അംഗങ്ങൾ സംശയനിവാരണം നടത്തി. സാമൂഹിക ശുശ്രൂഷ സമിതി പ്രസിഡൻറ് ശ്രീ. വിനോദ് സെൻ കൃതജ്ഞത അർപ്പിച്ചു. പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിൻ്റെ ഭാഗമായി പള്ളിയങ്കണത്തിൽ വികാരിയച്ചൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.