പരുത്തിയൂർ: ഇടവകയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസപരവും സർഗാത്മകവുമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് നാന്ദികുറിച്ച് പരുത്തിയൂർ ഇടവക. 2023-24 അധ്യായന വർഷത്തെ പരീക്ഷ ഫലം വിലയിരുത്തി SSLC, +1, +2 വിദ്യാർത്ഥികളുടെ വാർഡുതല സർവേ നടത്തി. തുടർന്ന് ജൂൺ, ജൂലൈ മാസങ്ങളിലായി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മൂന്ന് കൂടിവരവുകൾ നടത്തി. ഇതിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ലക്ഷ്യം, എൻട്രൻസ് പരീക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസുകൾ നൽകി. ഇടവകവികാരി റവ. ഫാ. ഡേവിഡ്സൺ ജസ്റ്റസ്, ശ്രീ. ബെർണാർഡ്. പി., ശ്രീ. പോൾസൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം വഹിച്ചു.
വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതനുസരിച്ച് ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുവാനുള്ള ക്രമീകരണങ്ങൾ ഇടവകയിൽ നടത്തി. ഇതുകൂടാതെ ഇടവകയിലെ വിദ്യാർത്ഥികളുടെ ഉയർച്ചയ്ക്ക് സഹായകരമാകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ നേതൃത്വം നൽകി വരുന്നു. നിലവിൽ 16 വിദ്യാർഥികൾ വിദ്യാഭ്യാസ ശുശ്രൂഷയുടെ നേതൃത്വത്തിൽ നടക്കുന്ന പി.എസ്.സി. പരിശീലനത്തിൽ പങ്കെടുക്കുന്നു. ഒൻപതാം ക്ലാസ്സിലെ വിദ്യാർഥികൾ തയ്യാറാക്കുന്ന ദ്വൈമാസിക ജൂലൈ മാസം പ്രസിദ്ധീകരിക്കും. ചിത്രരചന ക്ലാസുകൾ പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഇടവകവികാരി റവ. ഫാ. ഡേവിഡ്സൺ ജസ്റ്റസ്, സമിതി അംഗങ്ങൾ എന്നിവർ ഇടവകയിൽ വിദ്യാഭ്യാസ പുരോഗതി കൈവരിക്കാനുപകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.