കണ്ണാന്തുറ: തിരുവനന്തപുരം അതിരൂപതയിലെ കണ്ണാന്തുറ ഇടവകയിൽ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള മനോഹരമായ കുരിശടി അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ നെറ്റോ പിതാവ് ആശീർവദിച്ചു. 2024 ജൂലൈ ഒമ്പതാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നടന്ന ആശീർവാദ കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവിന് ഒപ്പം ഇടവക വികാരി ഫാദർ റോസ് ബാബുവും ബഹുമാനപ്പെട്ട വൈദികരും സന്യസ്ഥരും ഇടവക ജനങ്ങളും തീർത്ഥാടകരും പങ്കുചേർന്നു.
ചെളി കെട്ടിലുള്ള ഒരു ഭവനത്തിൽ താമസിച്ചിരുന്ന കുഞ്ഞമ്മ ആത്ത എന്ന വിളിപ്പേരുള്ള വ്യക്തിയിൽ നിന്നാണ് ഇതിൻറെ ചരിത്രം ആരംഭിക്കുന്നത്. ആ ഭവനത്തിൽ കുടിലിൽ പണിതീർക്കും മാതാവ് എന്നറിയപ്പെടുന്ന ഒരു പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വരൂപവും വിശുദ്ധ അന്തോനീസിന്റെ സ്വരൂപവും സ്ഥാപിച്ചിരുന്നു. ആ കാലത്ത് പലവിധ മാറാവ്യാധികളാൽ ബുദ്ധിമുട്ടിയിരുന്ന ജനം നാനാജാതി മതസ്ഥർ കടൽ വഴി മാതാവിൻറെ മാധ്യസ്ഥം തേടി ഇവിടെ വന്നിരുന്നു. തുടർന്ന് 1930 ൽ ഫാദർ ഗോഡ്വിൻ എ. ഗുടിഞ്ഞോ ഇവിടെ ഒരു കുരിശടി പണികഴിപ്പിച്ചു. 1930 ഏപ്രിൽ എട്ടിന് അത് ആശിർവദിച്ചു.
വർഷംതോറും ഇവിടെ തിരുനാൾ നടത്തുകയും എല്ലാ ചൊവ്വാഴ്ചകളിലും വിശുദ്ധ നൊവേനയും ദിവ്യബലികളും ഉണ്ടായിരുന്നു. 1992 ഫാദർ ബാർലോ ഡിക്രൂസ് ഇടവക വികാരിയായിരുന്ന കാലഘട്ടത്തിൽ കുരിശടിയുടെ മുൻവശം പുതുക്കിപ്പണിതു. കാലക്രമേണ പഴക്കം ചെന്ന് പൊളിഞ്ഞ അവസ്ഥ ആയതിനാൽ ഇവിടെ ദിവ്യബലി അർപ്പിക്കുവാൻ സാധിക്കാതെയായി. 2015 ഫാദർ ലാസർ ബെനഡിക്ടും പാരിഷ് കൗൺസിലും കുരിശടി പുനർ നിർമ്മിക്കുവാൻ തീരുമാനമെടുത്തു. 2020 ഫാദർ ജെറാഡ് ദാസിന്റെയും പാരിഷ് കൗൺസിലിന്റെയും പരിശ്രമത്തിലൂടെ ധാരാളം സംഭാവനകൾ കണ്ടെത്തി. 2024 ഫാദർ റോസ് ബാബുവിന്റെയും പാരിഷ് കൗൺസിലിന്റെയും പരിശ്രമത്തിലൂടെ ജൂലൈ ഒമ്പതാം തീയതി ഇടവകയ്ക്ക് മനോഹരമായ ഒരു കുരിശടി നിർമ്മിക്കുവാൻ സാധിച്ചു. ഈ സ്ഥലം ദേവാലയത്തിനായി സൗജന്യമായി തന്ന പീറ്റർ ടോം എന്ന വ്യക്തിക്കും കുടുംബത്തിനും ഇടവകയുടെ നന്ദി രേഖപ്പെടുത്തി.