മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന് ഒരു വർഷം പൂർത്തിയാകുന്ന ജൂലൈ 20 ന് ‘വിഴിഞ്ഞം മത്സ്യത്തൊഴിലാളിസമരം ഒരു നേർക്കാഴ്ച’ എന്ന പുസ്തകത്തിന്റെ പ്രകാശനവും, ജനകീയ പഠനസമിതിയുടെ കണ്ടെത്തലുകളുടെ സംക്ഷിപ്താവതരണവും വെള്ളയമ്പലം ലിറ്റിൽ ഫ്ളവർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. തിരുവനന്തപുരം അതിരൂപതാ മെത്രാൻ ഡോ. തോമസ് ജെ. നെറ്റോ- യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഫ്രീലാൻസ് മാധ്യമ- പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ശ്രീധർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും.
വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമ്മാണം സൃഷ്ടിക്കുന്ന ആഘാതങ്ങൾ പഠിക്കാനായി അതിരൂപത നിയോഗിച്ച ജനകീയ പഠന സമിതിയുടെ കണ്ടെത്തലുകളുടെ സംക്ഷിപ്ത റിപ്പോർട്ട് പഠന സമിതി ചെയർമാൻ ഡോ. കെ.വി. തോമസ് അവതരിപ്പിക്കും. മൗലവി പാച്ചല്ലൂർ അബ്ദുൾ സലീം മുഖ്യ സന്ദേശം നൽകും. മോസ്റ്റ്. റവ. ഡോ. സൂസൈപാക്യം എം സിൽവസ്റ്റർ മൈക്കിൾ എന്ന മത്സ്യത്തൊഴിലാളിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നൽകിയാണ് പ്രകാശനം ചെയ്യുന്നത്.
അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് ആർ സന്ദേശം നൽകും. കെ. എസ്. എം. ഡി. എഫ്. സംസ്ഥാന പ്രസിഡന്റ് ശ്രീ ജാക്സൺ പൊള്ളയിൽ, പരിസ്ഥിതി പ്രവർത്തകൻ ശ്രീ. എൻ സുബ്രഹ്മണ്യൻ, കെ ആർ എൽ സി സി വൈസ് പ്രസിഡന്റ് ശ്രീ. ജോസഫ് ജൂഡ്, കെ എൽ സി എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി തോമസ്, വിഴിഞ്ഞം കൗൺസിലർ ശ്രീ. പനിയടിമാ ജോൺ, കെഎൽസിഎ പ്രസിഡന്റ് ശ്രീ. പാട്രിക് മൈക്കിൾ, കെ. എൽ.സി.ഡബ്ലിയു.എ പ്രസിഡന്റ് ശ്രീമതി ജോളി പത്രോസ്, ടി. എം. എഫ്. പ്രസിഡന്റ് ശ്രീ. റോബർട്ട് ജോസഫാത്ത്, കെ സി വൈ എം പ്രസിഡന്റ് ശ്രീ. സനു സാജൻ, കെ. എൽ. എം. പ്രസിഡന്റ് ശ്രീ. എറോണിയാസ് ജോൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമ്മാണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തീരശോഷണം, വീടും സ്ഥലവും ഒലിച്ചു പോകുന്ന സ്ഥിതി, തൊഴിൽ നഷ്ടം, മത്സ്യലഭ്യതയിലെ കുറവ്, കടൽ ജൈവ ആവാസവ്യവസ്ഥക്കുണ്ടാകുന്ന നാശം എന്നിവയ്ക്കെതിരെ മത്സ്യത്തൊഴിലാളികൾ 2022 ജൂലൈ 20- നാണ് സമരം ആരംഭിച്ചത്.