പുതുകുറിച്ചി: ആഗമനകാലത്തെ വരവേൽക്കാൻ പുതുകുറിച്ചി ഇടവകയിലെ മതബോധന സമിതി “Noel Expo 2023” എക്സിബിഷൻ സംഘടിപ്പിച്ചു. ആഗമനകാലത്ത് ആദ്യഞായറാഴ്ച തെളിയിക്കുന്ന പ്രവാചകതിരി തെളിയിച്ചുകൊണ്ടാണ് കുഞ്ഞുകലാകാരന്മാരും കലാകാരികളും ഉണ്ണിഈശോയുടെ പിറവിക്കായുള്ള പ്രവാചക ദൗത്യത്തിന് Noel Expo-യിലൂടെ തുടക്കംകുറിച്ചത്. വികാരിമാരായ ഫാ. രാജശേഖരൻ, ഫാ.പ്രമോദ് , ഫാ. ഡാനിയേൽ എന്നിവർ സന്നിഹിതരായിരുന്നു.
കുഞ്ഞുങ്ങൾക്ക് ക്രിസ്തുവിന്റെ പിറവിയെക്കുറിച്ചു കൂടുതൽ അറിവ് നൽകുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെട്ട എക്സ്പോയിൽ മതബോധന സമിതിയുടെയും അധ്യാപകരുടെയും പൂർണപങ്കാളിത്തവും, കുഞ്ഞു ക്ലാസ് തുടങ്ങി പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പ്രകടനങ്ങളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഇടവകയിൽ നടക്കുന്ന ഹോം മിഷന്റെ ഭാഗമായി എത്തിയ സന്യസ്തരുടെ സാനിധ്യം എക്സ്പോയ്ക്ക് കൂടുതൽ മിഴിവേകി.
കുട്ടികൾ നിർമ്മിച്ച കുഞ്ഞു പുൽക്കൂട് തുടങ്ങി വിവിധ ക്രിസ്തുമസ് അലങ്കാരവസ്തുക്കൾ, കുട്ടികൾ വരച്ച മാതാവിന്റെയും, ഈശോയുടെയും, മറ്റു വിശുദ്ധരുടെയും ചിത്രങ്ങൾ അവയ്ക്ക് പിന്നിലെ കഥകളും, ചരിത്ര സംഭവങ്ങളും അവർതന്നെ വളരെ തനിമയത്വത്തോടെ വിശദീകരിച്ചത് കാഴ്ചക്കർക്ക് കൗതുകമായി. കുട്ടികളെ ഒരുക്കിയ മാതാപിതാക്ക ളെയും അധ്യാപകരെയും ഇടവക വികാരി അഭിനന്ദിക്കുകയും, കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.