കൊച്ചി ∙ കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയും കർമലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപകയുമായ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. സാര്‍വത്രിക അപ്പസ്‌തോലിക സഭയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ വിശുദ്ധരുടെ നാമകരണത്തില്‍ പ്രാദേശിക സഭയ്ക്ക് ലഭിക്കുന്ന പരമപ്രധാനമായ തിരുകര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും മദര്‍ ഏലീശ്വയില്‍ നിന്ന് ആരംഭിച്ച സ്ത്രീസന്ന്യാസ പാരമ്പര്യത്തിന്റെ പ്രതിനിധികളായ സന്ന്യാസിനിമാരും വല്ലാര്‍പാടം ബസിലിക്കയില്‍ വന്നണഞ്ഞിരുന്നു.

ലെയോ പതിനാലാമന്‍ പാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപതാ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന്റെ
മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സാഘോഷ പൊന്തിഫിക്കല്‍ ദിവ്യബലിയിലാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും കാരുണ്യമാതാവിന്റെ ബസിലിക്കയില്‍ നിന്ന് റോസറി പാര്‍ക്കിലെ ബലിവേദിയിലേക്ക് പ്രദക്ഷിണമായി എത്തി. വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഏവരെയും തിരുകര്‍മത്തിലേക്ക് സ്വാഗതം ചെയ്തു. ‘കര്‍ത്താവേ കനിയണമേ’ ആലപിച്ചുകഴിഞ്ഞ്, ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തിയതിനെ തുടര്‍ന്നാണ് കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയിലെ ആദ്യത്തെ സന്ന്യാസിനിയായ വാഴ്ത്തപ്പെട്ടവളെ പ്രാദേശികമായി അള്‍ത്താര വണക്കത്തിന്പ്ര തിഷ്ഠിക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാന പ്രഖ്യാപനം പരിശുദ്ധ പിതാവിനു വേണ്ടി കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് നടത്തിയത്.

ധന്യ മദര്‍ ഏലീശ്വയുടെ നാമകരണത്തിനായുള്ള വൈസ് പോസ്റ്റുലേറ്റര്‍ റവ. സൂസി കിണറ്റിങ്കല്‍, മദര്‍ ഏലീശ്വയുടെ സംക്ഷിപ്ത ജീവചരിത്രം വായിച്ചു. ബോംബെ ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് മദര്‍ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്തതോടെയാണ് ദൈവത്തിന് നന്ദിയര്‍പ്പിച്ച് തെദേവും സ്‌തോത്രഗീതം കര്‍മലീത്താ സന്ന്യസ്തര്‍ ഉള്‍പ്പെടെയുള്ള ഗായഗസംഘത്തോടൊപ്പം ദൈവജനം ആലപിച്ചത്. ഇന്ത്യയിലെ അപ്പസ്‌തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി സന്ദേശം നല്‍കി. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി സാക്ഷ്യപ്പെടുത്തിയ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുശേഷിപ്പ് അള്‍ത്താരയിലേക്ക് കൊണ്ടുവന്നു. കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് തിരുശേഷിപ്പ് ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.
ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പിലും തെരേസ്യന്‍ കര്‍മലീത്താ സന്ന്യാസിനി സമൂഹത്തിന്റെ (സിടിസി) സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീല, കര്‍മലീത്താ നിഷ്പാദുക സഭയുടെ സുപ്പീരിയര്‍ ജനറല്‍ മിഖേല്‍ മാര്‍ക്കേസ് കായ്യെ, പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. മാര്‍ക്കോ കിയേസ, വൈസ് പോസ്റ്റുലേറ്റര്‍ റവ. ഡോ. സിസ്റ്റര്‍ സൂസി കിണറ്റിങ്കല്‍ എന്നിവര്‍ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തിയ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന് നന്ദി പറഞ്ഞു. ദിവ്യബലിക്കുശേഷം, വാഴ്ത്തപ്പെട്ട ഏലീശ്വയുടെ നൊവേന സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്തു.
കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. തുടർന്ന് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുസ്വരൂപം വല്ലാര്‍പാടത്തമ്മയുടെ ബസിലിക്കയിലേക്ക് പ്രദക്ഷിണമായി കൊണ്ടുപോയി ദേവാലയത്തില്‍ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു.

സാംബിയയിലെ ചിപാത്താ രൂപതാ ബിഷപ് ജോര്‍ജ് കോസ്മസ് സുമീറെ ലുംഗു, ടാന്‍സനിയയിലെ മഫിംഗാ രൂപതയിലെ ബിഷപ് വിന്‍സെന്റ് കോസ്മസ് മൗഗലാ, ബോംബെ ആര്‍ച്ച്ബിഷപ് ജോണ്‍ റോഡ്രിഗസ്, ആഗ്ര ആര്‍ച്ച്ബിഷപ് ആല്‍ബര്‍ട്ട് ഡിസൂസ, മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച്ബിഷപ് ജോര്‍ജ് അന്തോണിസാമി, ലഖ്‌നൗ ബിഷപ് ജെറാള്‍ഡ് ജോണ്‍ മത്യാസ്, ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് സെബാസ്റ്റ്യന്‍ ദുരൈരാജ്, ബെര്‍ഹാംപുര്‍ ബിഷപ് ശരത് ചന്ദ്ര നായക്, കർണൂർ ബിഷപ് ഡോ. ജോഹന്നാൻസ്, ഷിംല-ചണ്ഡിഗഢ് ബിഷപ് എമരിറ്റസ് ഇഗ്നേഷ്യസ് ലയോള മസ്‌കരീനാസ്, ജബുവ ബിഷപ് പീറ്റര്‍ റുമാല്‍ഖരാഡി, ശിവഗംഗ ബിഷപ് ലൂര്‍ദ് ശിവഗംഗ, ഇംഫാല്‍ ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോമിനിക് ലുമോണ്‍, ഝാന്‍സി എമരിറ്റസ് ബിഷപ് ഡോ. പീറ്റര്‍ പറപ്പുള്ളില്‍, സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി,കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാന്‍ ക്രിസ്തുദാസ് ആര്‍, വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണിവാലുങ്കല്‍,കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ. ഡി. സെല്‍വരാജന്‍, ഡോ. വിൻസെൻ്റ് സാമുവൽ, കൊല്ലം ബിഷപ് ഡോ. ആന്റണി മുല്ലശേരി, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, വിജയപുരം സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍, കൊച്ചി നിയുക്ത മെത്രാന്‍ ഡോ. ആന്റണി കാട്ടിപ്പറമ്പില്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കണ്ണൂര്‍ സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി, സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ എന്നിവർ പങ്കെടുത്തു.

