ന്യൂഡൽഹി: ഇൻഡ്യയിലുടനീളം ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ 500% വർദ്ധനവ് ഉണ്ടായതായി പുതിയ വെളിപ്പെടുത്തല്‍. ഡല്‍ഹി പ്രസ് ക്ലബില്‍ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) സംഘടനയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കണക്കുകള്‍ സഹിതം പുറത്തുവിട്ടിരിക്കുന്നത്. 2014 നും 2024 നും ഇടയിൽ ക്രിസ്ത്യൻ സമൂഹത്തെ ലക്ഷ്യംവച്ചുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ 500% വർദ്ധിച്ചുവെന്നും പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ എണ്ണം 139-ൽ നിന്ന് 834 ആയി ഉയർന്നുവെന്നും സംഘടന വെളിപ്പെടുത്തി.
കഴിഞ്ഞ 12 വർഷത്തിനിടെ ആകെ 4959 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ക്രൈസ്തവർക്കുനേരെ ആക്രമണങ്ങളഴിച്ചുവിടുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കാൻ ഒരു സംഘടിത ശ്രമം നടക്കുന്നുണ്ടെന്നും സർക്കാർ മതപരിവർത്തനമെന്ന വ്യാജ ആരോപണത്തെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്‍റ് മൈക്കൽ വില്യംസ് ആരോപിച്ചു.
2025-ലെ ആദ്യ ഒന്‍പത് മാസങ്ങളിൽ മാത്രം 579 ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങൾ രജിസ്റ്റർ ചെയ്തെങ്കിലും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് 39 കേസുകളിൽ മാത്രമാണെന്ന് നേതാക്കള്‍ പറയുന്നു. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ സംബന്ധിക്കുന്ന ആകെ കേസുകളിൽ മൂന്നിലൊന്ന് ഉത്തർപ്രദേശിൽ നിന്നാണ്. നിയമപാലകർ പരാതികൾ രജിസ്റ്റർ ചെയ്യാൻ പതിവായി വിസമ്മതിക്കുന്നതായും അതുവഴി ശിക്ഷാനടപടികളില്ലാത്ത അന്തരീക്ഷം വളർത്തിയതായും ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. 2016നും 2020നും ഇടയിൽ, കുറഞ്ഞത് 21 ക്രിസ്ത്യാനികളെങ്കിലും വിദ്വേഷ കുറ്റകൃത്യങ്ങളിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടില്‍ വെളിപ്പെടുത്തലുണ്ട്.

