തിരുവനന്തപുരം: പ്രഥമ ദേശീയ വനിത മത്സ്യത്തൊഴിലാളി സമ്മേളനത്തിന് വലിയതുറ കടപ്പുറത്ത് തുടക്കമായി. മുതിർന്ന വനിത നേതാവ് തെരമ്മ പ്രായിക്കളത്തിന്റെ നേതൃത്വത്തിൽ കടലവകാശ പ്രതിജ്ഞയോടെയാണ് ഇന്ത്യ ഫിഷർവിമൺ അസംബ്ലിക്ക് തുടക്കമായത്. കടലിലെയും കടൽ വിഭവങ്ങളിലെയും അവകാശങ്ങൾ തങ്ങൾക്കാണെന്ന സൂചനയുമായി കുടങ്ങളിൽ കടൽവെള്ളം ശേഖരിച്ച് ഫാ. തോമസ് കോച്ചേരി സെന്ററിലേക്ക് അവകാശ സംരക്ഷണ റാലി നടത്തി. ആത്മാഭിമാനവും തുല്യതയും തൊഴിലിടങ്ങളിൽ ഉറപ്പുവരുത്തണമെന്ന മുദ്രാവാക്യമുയർത്തി നടത്തിയ സമ്മേളനം ഭരണകൂടങ്ങളുടെ ചൂഷണത്തിനെതിരെയുള്ള പ്രതിഷേധമായി മാറി. മുതലപ്പൊഴി ഹാർബറിലെ അശാസ്ത്രീയ നിർമ്മാണത്തെ തുടർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലിയിൽ പങ്കെടുത്തു. അപകടത്തിൽ മരണപ്പെട്ട 73 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും സർക്കാർ ഉപജീവനമാർഗവും നഷ്ടപരിഹാരവും നൽകണമെന്നും ആവശ്യപ്പെട്ടു.
വനിത മത്സ്യത്തൊഴിലാളികളുടെ ശബ്ദം കേൾക്കാൻ അധികാരി വർഗ്ഗം തയ്യാറാകുന്നില്ലെന്നും ഒരുമിച്ചു നിന്ന് അവകാശങ്ങൾ നേടിയെടുക്കണമെന്നും ഡബ്ലിയു.എഫ്.എഫ്.പി സി.സി മെമ്പർ ജേസു രത്നം പറഞ്ഞു. അന്തർദേശീയ വനിത മത്സ്യത്തൊഴിലാളി ദിനമായി നവംബർ 5 ആചരിക്കണമെന്ന് സിസ്റ്റർ തെരമ്മ പ്രായിക്കളം അറിയിച്ചു. മത്സ്യത്തൊഴിലാളി നേതാക്കളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡുകൾ പൂർണിമ മഹർ, രാജി ആന്റണി, ബേബി മേഴ്സി, വാസന്തവല്ലി, കെബിസ്റ്റിൻ, ലൈല അലിയാർ കുഞ്ഞ് എന്നിവർക്ക് സമ്മാനിച്ചു. ലോക മത്സ്യ ത്തൊഴിലാളികളുടെ സമ്മേളനം 14 മുതൽ ബ്രസീലിൽ നടക്കുന്നതിന് മുന്നോടിയായാണ് ദേശീയ മത്സ്യത്തൊഴിലാളി സമ്മേളനം നടത്തിയത്. 11 സംസ്ഥാനങ്ങളിൽ നിന്നായി 300 ഓളം വനിത മത്സ്യത്തൊഴിലാളികളും വിവിധ സംഘടന നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.