ഇംഫാൽ: വംശീയ കലാപത്തിന്‍റെ മുറിവുകളുണങ്ങാത്ത മണിപ്പൂരിൽ ഒരിടവേളക്ക് ശേഷം സംഘർഷം വീണ്ടും വ്യാപിക്കുന്നു. ഇന്നലെ ഒരു വിമുക്ത സൈനികനും സ്ത്രീയും സംഘർഷങ്ങളിൽ കൊല്ലപ്പെട്ടു. ഇരുവരും കുക്കി വിഭാഗക്കാരാണ്. നെയ്ജാഹോയ് ലുങ്ദിം എന്നാണ് കാങ്പോക്പി ജില്ലയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ പേര്. താങ്ബു ഗ്രാമത്തിലെ ക്രിസ്ത്യൻ പള്ളിക്ക് മുന്നിലാണ് ബോംബ് സ്ഫോടനത്തിലേറ്റ മുറിവുകളോടെ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മണിപ്പൂരിൽ തുടരുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാർഥികൾ തിങ്കളാഴ്ച തെരുവിലിറങ്ങി. വിദ്യാർഥി പ്രതിഷേധത്തിൽ 50 പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ രാജ്ഭവന്റെ കവാടത്തിന് നേരെ കല്ലെറിഞ്ഞതിനാൽ രാജ്ഭവനിൽ സുരക്ഷ ശക്തമാക്കി. തൗബാലിൽ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക അഴിച്ചുമാറ്റി മെയ്തെയ് പതാക കെട്ടി. സമരം ചെയ്യുന്ന വിദ്യാർഥികളുമായി മുഖ്യമന്ത്രി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തി. ഇതിനിടെ, സുഗ്ണു മേഖലയിലും വെടിവെപ്പ് ഉണ്ടായി. സംഘർഷം നേരിടാൻ സുരക്ഷാ സേനകളുടെ സംയുക്ത നീക്കം വേണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ മണിപ്പൂർ പ്രധാനമന്ത്രി സന്ദർശിക്കണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്.
കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിൽനിന്ന് അസം റൈഫിൾസിനെ പിൻവലിച്ച് സിആർപിഎഫിനെ വിന്യസിക്കണമെന്ന് സംസ്ഥാനം സന്ദർശിച്ച മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കേന്ദ്രത്തിനു ശുപാർശ നൽകിയതായി വിവരം. അസം റൈഫിൾസിനെ പിൻവലിക്കരുതെന്നാവശ്യപ്പെട്ട് കുക്കി വനിതകളുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ റാലി നടന്നു. തീവ്ര മെയ്തെയ് പക്ഷക്കാർ കുക്കി ജില്ലകളിൽ കടന്നുകയറുന്നത് അസം റൈഫിൾസാണു തടയുന്നത്. കുക്കി മേഖലകളിലെ സുരക്ഷാ സേനയിൽ 70 ശതമാനവും നിലവിൽ ഇവരാണ്. മെയ്തെയ്കളുമായി താരതമ്യം ചെയ്യുമ്പോൾ ആയുധശേഷി കുറവുള്ള കുക്കികൾ പിടിച്ചുനിൽക്കുന്നതും അസം റൈഫിൾസ് ഉള്ളതിനാലാണ്. ഇവരെ പിൻവലിച്ചാൽ വംശഹത്യ നടക്കുമെന്നാണ് കുക്കികളുടെ ആശങ്ക.