ഭാരതത്തിൽ MTP ആക്ടിലൂടെ ഗർഭഛിദ്രം നിയമവിധേയമാക്കിയിട്ട് 50 വർഷം പൂർത്തിയാവുന്ന ആഗസ്റ്റ് 10ന് കെ സി ബി സി പ്രോ-ലൈഫ് സമിതി ആഹ്വാനം ചെയ്ത ജീവന്റെ സംരക്ഷണ ദിനം തിരുവനന്തപുരം അതിരൂപതയിൽ കുടുംബപ്രേഷിത ശുശ്രൂഷ, പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.
അതിരൂപതയിൽ മന്ന എന്ന പേരിൽ വിശപ്പ് രഹിത ഇടവകകൾ സംജാതമാക്കാനായി കുടുംബശൂശ്രൂഷ വലിയതുറ ഫെറോന സമിതിയുടെ നേതൃത്വത്തിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം ചെയ്യുന്ന കേന്ദ്രമായ ചെറുവെട്ടുകാട് സെന്റ്. സെബാസ്ത്യൻ ദൈവാലയത്തിൽ പ്രോ-ലൈഫ് സമിതി പ്രവർത്തകരുടെ കൂടിവരവ് നടന്നു.
അതിരൂപത കുടുംബശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെനിസ്റ്റൻ അംഗങ്ങളെ സ്വാഗതം ചെയ്തു. തുടർന്ന് ആധൂനിക കാലഘട്ടത്തിൽ ജീവനെതിരേ നടക്കുന്ന തിന്മകളെ കുറിച്ചും ജീവന്റെ സുവിശേഷം പ്രഘോഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഫാ. ഷൈനിഷ് ബോസ്കോയുടെ നേതൃത്വത്തിൽ ക്ളാസ്സ് നടന്നു. ദിനം പ്രതി ഭാരതത്തിൽ അൻപതിനായിരത്തിലധികം കുരുന്നുകൾ അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ കൊല്ലപ്പെടുന്ന ഒരു മരണസംസ്ക്കാരം രാജ്യത്ത് നിയമത്തിന്റെ ബലത്തിൽ വളർന്ന് വരുന്നത് ജീവന്റെ ദാതാവായ ക്രിസ്തുവിനോടുള്ള ആക്രമണമാണെന്ന തിരിച്ചറിവ് ഓരോ ക്രിസ്ത്യാനിക്കും ഉണ്ടാകണമെന്നും, മരണ സംസ്ക്കാരത്തിന് പകരം ജീവന്റെ സംസ്ക്കാരം വളർത്തികൊണ്ട് വരാൻ നാം ബോധപൂർവ്വം പ്രവർത്തിക്കണമെന്ന് പറഞ്ഞു.
തുടർന്ന് ഏഴ് മക്കളുടെ പിതാവായ ശ്രീ. ബിനോജ് തന്റെ അനുഭവസാക്ഷ്യം പങ്കുവച്ചു. ഉദരഫലം ദൈവത്തിന്റെ സമ്മാനം എന്ന വചനമാണ് കൂടുതൽ മക്കൾക്ക് ജന്മം നല്കാൻ തന്നെ പ്രചോദിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുഞ്ഞും ദൈവത്തിന്റെ സമ്മനമാണ്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയർന്ന പരിഹാസങ്ങൾ തന്നെ തളർത്തിയില്ലന്നും പകരം വലിയ കുടുംബ രൂപീകരണത്തിലൂടെ ദൈവത്തിന്റെ സ്നേഹവും പരിപാലനയും കൂടുതൽ ആഴത്തിൽ അനുഭവിക്കാൻ സാധിക്കുന്നൂവെന്നും അനുഭവ സാക്ഷ്യത്തിലൂടെ വിവരിച്ചു. തുടർന്ന് അതിരൂപതയുടെ ആദരവ് ഏറ്റ് വാങ്ങി.
തുടർന്ന് നടന്ന പ്രാർത്ഥനയ്ക്ക് സന്യസ്തർ നേതൃത്വം നൽകി. പ്രോ-ലൈഫ് സമിതിയംഗങ്ങൾ മാധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
അതിരൂപത കുടുംബശുശ്രൂഷ ഡയറക്ടർ ഫാ. എ ആർ ജോണിന്റെ നേതൃത്വത്തിൽ വലിയകുടുംബങ്ങളെ അനുധാവനം ചെയ്യേണ്ട കർമ്മപരിപാടികൾക്ക് രൂപം നൽകി.
1) ആഗസ്റ്റ് 23 തിങ്കളാഴ്ച വൈകുന്നേരം 4 ഉം അതിന് മുകളിലുള്ള കുഞ്ഞുങ്ങളുടെ മാമോദീസ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്നു.
2) ഇടവകകളിൽ വലിയ കുടുംബങ്ങളുടെയും, മക്കൾ ഇല്ലാത്ത ദമ്പതികളുടെയും, ഓട്ടിസം ബാധിച്ച മക്കളുള്ള കുടുംബങ്ങളുടെയും കണക്കെടുപ്പും ഭവന സന്ദർശനവും നടന്നുകൊണ്ടിരിക്കുന്നു. അത് ഉടനെ പുർത്തിയാക്കി ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് അനുധാവന പദ്ധതികൾക്ക് രൂപം നൽകും.
3) വലിയ കുടുംബങ്ങളിൽ സാമ്പത്തിക വെല്ലുവിളി നേരിടുന്ന കുടുംബങ്ങളിലെ പെൺ കുട്ടികളുടെ ഭാവിക്ക് ഉപകാരപ്രദമായ രീതിയിൽ ഒരു സമ്പാദ്യ പദ്ധതിക്ക് രൂപം നൽ കാൻ തീരുമാനിച്ചു.
4) ഈ വർഷത്തെ ക്രിസ്തുമസ്സ് ഓട്ടിസം ബാധിച്ച കുടുംബങ്ങളെ സന്ദർശിച്ച് അവർക്ക സാന്ത്വനവും സമ്മാനങ്ങളും നൽകുന്ന രീതിയിൽ ക്രമീകരിക്കാനും തീരുമാനിച്ചു.
പിറക്കാതെ പോയ എല്ലാ കുഞ്ഞുങ്ങളെയും, ജീവനെതിരെയുള്ള തിന്മയിൽ പങ്കാളികളാവുന്നവരെയും സമർപ്പിച്ച് കരുണകൊന്തചൊല്ലി. തുടർന്ന് അതിരൂപത പ്രോ-ലൈഫ് സമിതി കോർഡിനേറ്ററൂം മേഖല ഭാരവാഹിയുമായ ശ്രീ. ആന്റണി പത്രോസ് നന്ദി പറഞ്ഞു.