തനിക്കെതിരെ ഉന്നയിച്ച വ്യാജ കുറ്റകൃത്യങ്ങൾ താൻ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവർ തന്നെ തെളിയിക്കട്ടെയെന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര. മുതലപ്പൊഴിയിലെ അപകട സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി വി. ശിവൻകുട്ടി സംഭവസ്ഥലത്തെത്തിയ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേരയ്ക്കെതിരേ ആരോപണമുന്നയിക്കുകയും പൊലീസ് കലാപാഹ്വാനത്തിന് കേസെടുക്കുകയും ചെയ്തു. അതു സംബന്ധിച്ച മോൺ. യൂജിൻ എച് പെരേരയുടെ വിശദീകരണം.
തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടമുണ്ടാവുകയും, അവിടെ സന്ദർശനത്തിനെത്തിയ മന്ത്രിമാർ അവിടെയുണ്ടായിരുന്ന ജനങ്ങളോട് തട്ടിക്കയറുകയും ഷോ കാണിക്കരുതെന്ന് പറയുകയുമായിരുന്നു.
മന്ത്രി ശിവൻകുട്ടി സ്ഥലവാസികളോട് മര്യാദയില്ലാതെയാണ് പെരുമാറിയത്. സംഭവങ്ങൾ വളച്ചൊടിക്കുന്ന സ്ഥിരം ശൈലിയാണ് അവരിപ്പോഴും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ അവകാശങ്ങളും ന്യായമായ സംഭാഷണങ്ങളും ഉറപ്പുവരുത്തുന്ന ഭരണഘടനയാണ് രാജ്യത്തുള്ളതെന്ന് പറയുമ്പോഴും ഇന്ന് ഭരണകൂട ഭീകരതയാണ് സാധാരണക്കാരായ ജനങ്ങൾക്കെതിരെ അരങ്ങേറുന്നത്. കേസെടുത്തതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കും. രക്ഷാപ്രവർത്തനത്തിൽ വലിയ അലംഭാവം ഉണ്ടായതിനാൽ ആരുടെയെങ്കിലും പേരിൽ കുറ്റമാരോപിച്ച് രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നത്. അവിടെ കൂടിയിരുന്ന ജനങ്ങളെ കേൾക്കാനോ നടപടികൾ സ്വീകരിക്കാനോ മന്ത്രിമാർ തയ്യാറായില്ല. പകരം, ജനങ്ങളോട് ഷോ കാണിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്.
നേരത്തെ തന്നെ പാർട്ടി പ്രവർത്തകരെ ജനങ്ങൾക്കെതിരെ അവിടെ അണിനിരത്തിയിരുന്നു. ഈ സീസൺ തുടങ്ങുന്നതിനു മുമ്പു തന്നെ മുതലപ്പൊഴിയിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത അധികാരികളോട് പറഞ്ഞിരുന്നു. ഒന്നും ചെയ്തില്ല.
കാലവർഷം ആരംഭിച്ച ശേഷം തുടർച്ചയായ പത്താം തവണയാണ് പൊഴിമുഖത്ത് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കഴിഞ്ഞ സീസണിൽ 12 പേരാണ് ഇവിടെ മരണമടഞ്ഞത്. പൊഴി ഉണ്ടാക്കിയ ശേഷം അറുപതിലധികം പേർ മരിച്ചിട്ടുണ്ട്. വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീർപ്പനുസരിച്ച് മുതലപ്പൊഴിയിൽ മികച്ച സുരക്ഷാസംവിധാനം ഒരുക്കേണ്ടതായിരുന്നു. അതും ചെയ്തില്ല.
വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതികാഘാതം പഠിക്കാനായി വിദഗ്ദ സമിതിയെ നിയോഗിക്കുമെന്ന ഉറപ്പിൻ പ്രകാരം നിയോഗിച്ച പൂനെ വാട്ടർ ആൻഡ് പവർ അതോറിറ്റി വന്ന് സ്ഥലം സന്ദർശിക്കുക മാത്രമാണ് ചെയ്തത്. ഇടക്കാല റിപ്പോർട്ട് പോലും കൊടുത്തിട്ടില്ലെന്നും മോൺ. യൂജിൻ പെരേര വിശദീകരിച്ചു.