വരാപ്പുഴ അതിരൂപതയുടെ മുൻ വികാരി ജനറലായിരുന്ന മോൺ. ഇമ്മാനുവൽ ലോപ്പസിനെ അൾത്താരയിലെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ പ്രഥമഘട്ടമായ ദൈവദാസ പ്രഖ്യാപനത്തിന് വത്തിക്കാനിലെ വിശുദ്ധർക്കുള്ള കാര്യാലയത്തിൽ നിന്നും അനുമതി ലഭിച്ചു. അതിരൂപതയിലെ അറിയപ്പെടുന്ന മനുഷ്യ സ്നേഹികൂടിയായിരുന്നു മോൺ. ഇമ്മാനുവൽ ലോപ്പസ്.
എറണാകുളം ജനറൽ ആശുപത്രിയിലെ ചാപ്ലിൻ ആയി വർഷങ്ങളോളം മോൺ. ഇമ്മാനുവൽ ലോപ്പസ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വരാപ്പുഴ അതിരൂപതയിലെ ആദ്യത്തെ മതബോധന ഡയറക്ടർ എന്ന നിലയിൽ വിശ്വാസ പരിശീലനത്തിന് ഊടും പാവും നൽകി.
ജൂലൈ 19ന് വരാപ്പുഴ മെത്രാസന മന്ദിരത്തിൽ നിന്നും അദ്ദേഹത്തിന്റെ ഛായാ ചിത്ര പ്രയാണം മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ മാതൃ ഇടവകയായ ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിലേക്ക് എത്തിക്കും. ശേഷം അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ പുഷ്പാർച്ചന അർപ്പിക്കും. തുടർന്ന് അർപ്പിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലി മദ്ധ്യേ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുമെന്ന് സംഘാടകസമിതിയുടെ ജനറൽ കൺവീനർ ഫാ. പോൾസൺ ആന്റണി കൊച്യാത്ത് അറിയിച്ചു.