വെള്ളയമ്പലം: KCYM തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് പുതിയ നേതൃത്വം. പ്രസിഡന്റ് ജോൺ ബ്രിട്ടോ വാൾട്ടർ, ജനറൽ സെക്രട്ടറി രാജീവ്. ആർ എന്നിവരുടെ നേതൃത്വത്തിലുള്ള 2025-26 കാലത്തെ അതിരൂപത സമിതി സഹായ മെത്രാൻ ഡോ. ആർ ക്രിസ്തുദാസിന്റെ സാന്നിധ്യത്തിൽ ചുമതലയേറ്റു. വെള്ളയമ്പലം ആനിമേഷൻ സെൻ്ററിൽ വച്ചുനടന്ന സത്യപ്രതിജ്ഞ ചടങ്ങ് മുൻ പ്രസിഡന്റ് സനു സാജൻ പടിയറയിൽ അധ്യക്ഷത വഹിച്ചു. രൂപത കെ.സി.വൈ.എം ഡയറക്ടർ ഫാ.ഡാർവിൻ ഫെർണാണ്ടസ്, ആനിമേറ്റർ സിസ്റ്റർ ആൻസി മോൾ, മുൻ സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കിൾ, മുൻ രൂപത പ്രസിഡന്റ് ബേസിൽ ഷിബു എന്നിവർ പുതിയ സമിതിക്ക് ആശംസകൾ നേർന്നു.
ആൻസി സ്റ്റാൻസിലാസ്, ഐസക് പി.ചാൾസ് എന്നിവർ വൈസ് പ്രസിഡന്റുമാരായും, റോയ് ജോയ് ട്രഷററായും വിമിൻ എം.വിൻസെൻ്റ്, കെവിൻ, മെറിൻ രെജൻ, സയാന ജോൺസൺ എന്നിവർ സെക്രട്ടറിമാരായും, നിമിഷ ഷാൻ.എസ്, സ്റ്റെബി സിൽവേരി എന്നിവർ സംസ്ഥാന സെനറ്റ് അംഗങ്ങളായും, സനു സാജൻ പടിയറയിൽ, പ്രീതി എഫ്. എന്നിവർ സംസ്ഥാന സിൻഡിക്കേറ്റായും സത്യപ്രതിജ്ഞ ചെയ്തു. ഇടവക – ഫെറോന തലങ്ങളിൽ യുവജനങ്ങളെ ശക്തരാക്കുവാനും സാമൂഹിക സാംസകാരിക രംഗങ്ങളിൽ ഉയർത്തിക്കൊണ്ടുവരാനും അനീതിക്കെതിരെ പ്രതികരിക്കുവാനും ഓരോ യുവതിയുവാക്കളെയും പ്രാപ്തരാക്കുമെന്നും യുവജനങ്ങളുടെ പഠനം, തൊഴിൽ എന്നീ പ്രധാന വിഷയങ്ങളിൽ വേണ്ടത്ര ഗൗരവത്തോടെ ഇടപെടുമെന്ന ഉറപ്പും പ്രസിഡന്റ് ജോൺ ബ്രിട്ടോ വാൾട്ടർ തന്റെ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി. ജനറൽ സെക്രട്ടറി രാജീവ്. ആർ യോഗത്തിന് നന്ദി പറഞ്ഞു.