പൂവ്വാർ: ലോകമത്സ്യത്തൊഴിലാളി ദിനമാചരിച്ച് പുല്ലുവിള ഫിഷറീസ് മിനിസ്ട്രി. നവംബർ 12 ഞായറാഴ്ച പൂവാർ പാരിഷ് ഹാളിൽ മത്സ്യക്കച്ചവട സ്ത്രീകളും, മത്സ്യത്തൊഴിലാളികളും, ടി.എം.എഫ് അംഗങ്ങളും ഒന്ന് ചേർന്ന് നടത്തിയ മത്സ്യത്തൊഴിലാളി ദിനാചരണം തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് മിനിസ്ട്രി രൂപത ഡയറക്ടർ ഫാ. ഷാജൻ ജോസ്, ഫെറോന വികാരി. ഫാ. സിൽവസ്റ്റർ കുരിശ്, ഫെറോന ഡയറക്ടർ ഫാ. ജേക്കബ് മരിയ ഒ സി ഡി എന്നിവർ സന്നിഹിതരായിരുന്നു.
കുട്ടികാലത്ത് തന്റെ പിതാവും മറ്റുള്ളവരും മത്സ്യബന്ധന്നത്തിന് പോയിരുന്ന സ്മരണകളും മീൻ പിടിച്ചുകൊണ്ട് വരുന്ന അവരുടെ മടങ്ങി വരവിനായുള്ള കാത്തിരിപ്പിനെയും ഉദ്ഘാടന പ്രസംഗത്തിൽ ക്രിസ്തുദാസ് പിതാവ് അനുസമരിച്ചു. തുറമുഖ നിർമ്മാണവും, തീരദേശ ഹൈവേയും, ബ്ലൂ ഇക്കോണമിയുമൊക്കെ വലിയ വെല്ലുവിളി ഉയർത്തുന്ന ഇന്നത്തെ കാലഘട്ടത്ത് മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിന് പരിഹാരം കാണേണ്ട അധികാരികൾ നിഷേധാത്മക നിലപാടുകൾ കൈകൊള്ളുമ്പോൾ ഭാവിയിൽ മത്സ്യബന്ധനം ഉപജീവനമായി സ്വീകരിക്കാൻ നമ്മുടെ മക്കൾക്കാവുമോ..? നമ്മുടെ അമ്മമാർക്ക് മത്സ്യകച്ചവടം ചെയ്ത് കുടുംബം പുലർത്താൻ സാധിക്കുമോ..? എന്ന ആശങ്ക അഭിവന്ദ്യ പിതാവ് പങ്കുവച്ചു.
തുടർന്ന് മത്സ്യക്കച്ചവട സ്ത്രീകളെയും മത്സ്യത്തൊഴിലാളികളെയും സമ്മേളനത്തിൽ ആദരിച്ചു. തിരഞ്ഞെടുക്കപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ലോൺ വിതരണം ചെയ്തു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും മത്സ്യ മേഖലയുടെ പ്രാധാന്യവും, മത്സ്യ സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തി എല്ലാവർഷവും നവംബർ 21 നാണ് ലോക മത്സ്യത്തൊഴിലാളി ദിനം ആചരിക്കുന്നത്.