പാളയം: ഇൻഡ്യയിലെ അൽമായ സമൂഹത്തിന്റെ മധ്യസ്ഥനായി വി. ദേവസഹായത്തെ ലിയോ പാപ പ്രഖ്യാപിച്ചതിന്റെ ആഘോഷം അതിരൂപത അൽമായ കമ്മിഷൻ നടത്തി. പാളയം സെന്റ്. ജോസഫ്സ് കത്തീഡ്രൽ ദേവാലയ ഹാളിൽ നടന്ന പൊതുസമ്മേളനം അതിരൂപത അൽമായ കമ്മിഷൻ ഡയറക്ടർ ഫാ. ബീഡ് മനോജ് അമാദോ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ വിശുദ്ധ ദേവസഹായത്തിന്റെ ജീവിതം മാതൃകയാക്കി, സഭയോടും സമൂഹത്തോടും കൂറും വിശ്വസ്തതയും ഉള്ള നല്ല അല്മായ സമൂഹവും ഇവരെ നയിക്കാനുള്ള അൽമായ നേതാക്കളും രൂപപ്പെടേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. ഐറിസ് കൊയിലോ മുഖ്യപ്രഭാഷണവും പാളയം ഇടവക വികാരി റവ. മോൺ. വിൽഫ്രഡ് ഇ അനുഗ്രഹ പ്രഭാഷണവും നടത്തി. അതിരൂപത അൽമായ ശുശ്രൂഷ കൺവീനർ ആന്റണി ആൽബർട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ അസിസ്റ്റന്റ് ഡയറക്ടർ നിക്സൺ ലോപ്പസ് സ്വാഗതവും, റീന ഷാജി കൃതജ്ഞതയും പറഞ്ഞു. തുടർന്ന് കത്തീഡ്രൽ ദേവാലയത്തിൽ കൃതജ്ഞത ബലിയർപ്പണം നടന്നു.