തിരുവനന്തപുരം: 2025 ജൂലൈ 27 ഞായറാഴ്ച മുത്തശ്ശീ മുത്തശ്ശന്മാരുടെ ദിനാചരണം തിരുവന്തപുരം അതിരൂപതയുടെ കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തില്‍ വിവിധ ഫെറോനകളിലും ഇടവകകളിലും സമുചിതമായി ആചരിച്ചു. വട്ടിയൂര്‍ക്കാവ് ഫെറോന കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തില്‍ ഫെറോനയിലെ വിവിധ ഇടവകകളിലെ മുത്തശ്ശീമുത്തച്ഛന്മാരെ തിരുവനന്തപുരം മ്യൂസിയത്തില്‍ ഒരുമിച്ച് വിളിച്ചു ചേര്‍ത്ത് ജീവിതാനുഭവം പങ്കുവയ്ക്കുന്നതിലൂടെയും കളികളിലൂടെയും അന്നേദിവസം അവിസ്മരണീയമാക്കി മാറ്റി. കോവളം ഫെറോനയിലെ പരുത്തിക്കുഴി ഇടവകയിലും അഞ്ചുതെങ്ങ് ഫെറോനയിലെ അഞ്ചുതെങ്ങ് ഇടവകയിലും കിടപ്പിലായ മുത്തശ്ശീമുത്തശ്ശന്മാരെ ഇടവകവികാരിയുടെ നേതൃത്വത്തില്‍ വീടുകളില്‍ പോയി സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ നല്‍കി അവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു. പുല്ലുവിള ഫെറോനയിലെ പള്ളം, തൂത്തൂര്‍ ഫെറോനയിലെ ഇരവിപുത്തന്‍തുറ എന്നീ ഇടവകകളില്‍ മുത്തശ്ശീ മുത്തശ്ശന്മാര്‍ക്കുവേണ്ടി പ്രത്യേക കായികമത്സരങ്ങള്‍ സംഘടിപ്പിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
പല ഇടവകകളിലായി മുത്തശ്ശീമുത്തശ്ശന്മാരെ പൊന്നാട അണിയിക്കുകയും അവര്‍ക്കുവേണ്ടി കേക്ക് മുറിക്കുകയും പ്രഭാത ഭക്ഷണമൊരുക്കുകയും ചെയ്തു. കൊച്ചുമക്കള്‍ മുത്തശ്ശീമുത്തശ്ശന്മാര്‍ക്ക് സമ്മാനങ്ങള്‍ കൈമാറിയതും ശ്രദ്ധേയമായി. രണ്ടാഴ്ചയ്ക്കു മുന്‍പുതന്നെ മുത്തശ്ശീമുത്തശ്ശന്മാരുടെ ദിനാചരണത്തിനു ഒരുക്കമായി തയ്യാറാക്കിയ മാതൃകാപ്രവർത്തനങ്ങളും, ദിവ്യബലി സഹായിയും ആനിമേറ്റര്‍മാര്‍ വഴി ഇടവകകളിലെത്തിച്ചു. ഇത് എല്ലാ ഇടവകകളിലും മുത്തശ്ശീ മുത്തശ്ശന്മാരുടെ ദിനാചരണം അർത്ഥവത്താക്കുന്നതിന് സഹായകമായി.