വെള്ളയമ്പലം: സന്തുഷ്ട കുടുംബങ്ങളെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി 2026 നോമ്പുകാലത്ത് കുടുംബങ്ങളിൽ മാധ്യമമുക്ത മണിക്കൂർ പാലിക്കാൻ പ്രേരിപ്പിക്കുന്ന ക്യാമ്പയിൻ കുടുംബപ്രേഷിത ശുശ്രൂഷ അരംഭിച്ചു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 14 ശനിയാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്ന ഗ്രാറ്റിറ്റ്യൂഡ് ദിനാചരന ചടങ്ങിൽ ബിഷപ് ക്രിസ്തുദാസ് മാധ്യമമുക്ത കുടുംബമണിക്കൂർ ലഖുലേഖ പ്രകാശനം ചെയ്തു. കുടുംബങ്ങളിൽ മാധ്യമ മുക്ത മണിക്കൂർ പാലിക്കേണ്ട വിധവും അതിന്റെ മേന്മകളും വിശദീകരിക്കുന്നതാണ് ലഖുലേഖ. ഇത് വരുംദിനങ്ങളിൽ അതിരൂപതയിലെ എല്ലാം കുടുംബങ്ങളിലും കുടുംബ ശുശ്രൂഷ പ്രവർത്തകർ വിതരണം ചെയ്യുകയും മാധ്യമ മുക്ത കുടുംബ മണിക്കൂർ പാലിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇതുകൂടാതെ ക്യാമ്പയിന്റെ ഭാഗമായി അതിരൂപത മീഡിയ കമ്മിഷനും കുടുംബ ശുശ്രൂഷയും സംയുക്തമായി നോമ്പുദിവസങ്ങളിൽ പ്രാർഥനാ നിയോഗമടങ്ങിയ ഫ്ലയേഴ്സ് ദിവസവും പ്രചരിപ്പിക്കും.
ഗ്രാറ്റിറ്റ്യൂറ്റ് ദിനാചരണത്തിന്റെ ഭാഗമായി കുടുംബ ശുശ്രൂഷയിലെ ഫെറോന വൈദിക കോ-ഓർഡീനേറ്റേഴ്സ്, ആനിമേറ്റേഴ്സ്, വോളന്റിയേഴ്സ്, റിസോഴ്സ് ടീം അംഗങ്ങൾ, കൗൺസിലേഴ്സ്, അതിരൂപത സമിതി അംഗങ്ങൾ എന്നിവരുടെ കൂടിവരവ് നടന്നു. മോട്ടിവേഷൻ ക്ലാസിന് ചൈൽഡ് ഹെൽപ്പ് ലൈൻ & മാസ്റ്റർ ട്രെയിനിങ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ ബിജു സൈമൺ നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മേളനത്തിൽ ശുശ്രൂഷയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. ബിഷപ് ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. ശുശ്രൂഷയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന വിവിധ മേഖലകളിലുള്ളവർക്ക് ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ തന്റെ ആമുഖ സന്ദേശത്തിൽ നന്ദിപറഞ്ഞു. വിവിധ വിഭാഗങ്ങളിലായി കുടുംബ ശ്രൂഷയിൽ സേവനം ചെയ്യുന്നവർ അനുഭവങ്ങൾ പങ്കുവച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലീൻ കൂടിവരവിൽ പങ്കെടുത്തവർക്ക് കൃതജ്ഞതയേകി. സനേഹസമ്മാനങ്ങളും സ്നേഹവിരുന്നും കൂടിവരവിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

