പാളയം: വലിയ കുടുംബങ്ങൾ രൂപപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രോ-ലൈഫ് കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനം ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ നടന്നു. 2026 ഫെബ്രുവരി 11 ബുധനാഴ്ച വെള്ളയമ്പലം സെന്റ്. തെരേസാസ് ദൈവാലയത്തിൽവച്ച് നടന്ന ചടങ്ങിൽ അതിരൂപതയിലെ 7 പ്രോ-ലൈഫ് കുടുംബങ്ങളിലെ 7 കുഞ്ഞുങ്ങളാണ് തിരുസംഭാംഗങ്ങളായത്.
മാർത്താണ്ഡൻതുറ ഇടവകയിലെ സുതൻ പ്രകാശ് ലൂർദ്മേരി ദമ്പതികളുടെ നാലാമത്തെ മകൻ അന്റോണിയോ ജോയേൽ പ്രകാശ്, കൊല്ലങ്കോട് ഇടവകയിൽ ഫ്രഡി അനീഷ ദമ്പതികളുടെ നാലാമത്തെ മകൻ ഫാവിയോ ഫ്രഡി, ഇതേ ഇടവകയിലെ ഷിബു സോണിയ ദമ്പതികളുടെ നാലാമത്തെ മകൾ ലിയോറ, പുല്ലുവിള ഇടവകയിലെ സോണി ജീനദാസ് ദമ്പതികളുടെ നാലാമത്തെ മകൾ ജിയ മരിയ സോണി, പൂന്തുറ ഇടവകയിലെ ജോൺപോൾ ശരണ്യ ദമ്പതികളുടെ നാലാമത്തെ മകൻ സ്കാർഫനോ എസ് പോൾ, പൂന്തുറ ഇടവകയിലെതന്നെ ജോബിൻ ദാസ് ജൻസി ദാസ് ദമ്പതികളുടെ നാലാമത്തെ മകൻ ജോയേൽ ജോബിൻ, പള്ളം ഇടവകയിലെ സേവ്യർ സോണിയ ദമ്പതികളുടെ നാലാമത്തെ മകൾ പ്രഗയ എന്നിവരാണ് അഭിവന്ദ്യ പിതാവില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചത്.
തുടർന്ന് ജീവന് സമൃദ്ധി പദ്ധതി പ്രകാരമുള്ള കുഞ്ഞുങ്ങളുടെ പേരിലുള്ള സമ്പാദ്യ പദ്ധതികളുടെ രേഖകൾ, മെമന്റോ, ലവീത്ത മിനിസ്ട്രിയുടെ ധനസഹായതുക എന്നിവ മാതാപിതാക്കള്‍ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവില്‍ നിന്ന് സ്വീകരിച്ചു. പതിനാലാം തവണയാണ് കുടുംബപ്രേഷിത ശുശ്രൂഷ പ്രോ-ലൈഫ് കുടുംബങ്ങൾക്കുള്ള ജ്ഞാനസ്നാനം നടത്തുന്നത്. കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ ഫാ. റിച്ചാര്‍ഡ് സഖറിയാസ്, ലവീത്ത മിനിസ്ട്രി ഡയറക്ടര്‍ ഫാ. റോബർട്ട് ചാവറാനാനിക്കൽ എന്നിവര്‍ സന്നിഹിതരായിരുന്നു.

