വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ‘കനവ് – മികവ് – ആദരവ്’ എന്നപേരിൽ വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെ ആദരിച്ചു. ഡിസംബർ 13 ശനിയാഴ്ച വെള്ളയമ്പലത്ത് നടന്ന പരിപാടി അതിരൂപത സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തിരുവനന്തപുരം പാസ്പോർട്ട് ഓഫീസർ ജീവാ മരിയ ജോൺ IFS മുഖ്യാപ്രഭാഷണം നടത്തി.
കുട്ടികളിലും ഉദ്യോഗാർഥികളിലും പൊതുവിജ്ഞാനം വളർത്താനായി വിദ്യാഭ്യാസ ശുശ്രൂഷ നടത്തിയ ‘കനവ്’ ക്വിസ് പരിപാടിയിൽ വിവിധ സെഷനുകളിൽ വിജയികളായ17 പേർക്ക് 25000/-, 15000/-, 5000/- ക്യാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു. തുടർന്ന് കനവ് 2026 ബ്രോഷർ ബിഷപ് ക്രിസ്തുദാസ് പ്രകാശനം ചെയ്തു.
2022-23 വർഷത്തിൽ മികച്ച രീതിയിൽ വിദ്യാഭ്യാസ പ്രവർനങ്ങൾ നടത്തിയ ഇടവകകൾക്കുള്ള അവാർഡ് ഫൊറോന തലത്തിൽ വിതരണം ചെയ്തു. പാളയം & വട്ടിയൂർക്കാവ് ഫൊറോനയിൽ തൃക്കണ്ണാപുരം ഇടവകയും, പേട്ട ഫൊറോനയിൽ മുട്ടട ഇടവകയും, അഞ്ചുതെങ്ങ് ഫൊറോനയിൽ ആറ്റിങ്ങൽ ഇടവകയും, പുതുക്കുറിച്ചി ഫൊറോനയിൽ പള്ളിത്തുറ ഇടവകയും, വലിയതുറ ഫൊറോനയിൽ വലിയതുറ ഇടവകയും, കോവളം ഫൊറോനയിൽ പൂന്തുറ ഇടവകയും, പുല്ലുവിള ഫെറോനയിൽ പരുത്തിയൂർ ഇടവകയും, തൂത്തൂർ ഫെറോനയിൽ വള്ളവിള ഇടവകയുമാണ് അവാർഡുകൾ കരസ്ഥമാക്കിയത്.
2020 മുതൽ 2025 വരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ജോലി നേടിയ 41 പേരെ സമ്മേളനത്തിൽ ആദരിച്ചു. തുടർന്ന് നേട്ടങ്ങൾ കരസ്ഥമാക്കിയവരുടെ പ്രതിനിധികൾ അമലോൽഭവം, മേരി ആൻ, ജോണി എന്നിവർ അനുഭവം പങ്കുവച്ചു. സെന്റ് ജോസഫ് ഹയർ സെക്കൻഡറി അധ്യാപകരും കനവ് കോർ ടീം അംഗങ്ങളുമായ ജോയി ജോൺ സ്വാഗതവും ലിറ്റി ലൂസിയ സൈമൺ കൃതജ്ഞതയും രേഖപ്പെടുത്തി.

