അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ എല്ലാവരും കണ്ണിചേരണമെന്നുളള സന്ദേശം നല്‍കി ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും വര്‍ക്കല സി.എച്ച്.എം. കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസും സംയുക്തമായി ‘ഫ്ളാഷ് മോബ്’ സംഘടിപ്പിച്ചു. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നടന്ന ‘ഫ്ളാഷ് മോബ്’ റ്റി.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ. ആഷ്ലിന്‍ ജോസ് ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം വലിയൊരു സാമൂഹിക സേവനമാണെന്നും ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ എല്ലാ ജനവിഭാഗവും ഒന്നിക്കണമെന്നും തന്റെ സന്ദേശത്തിൽ ഫാ. ആഷ്ലിന്‍ ജോസ് പറഞ്ഞു. കലാലയങ്ങളും സന്നദ്ധ സംഘടനകളും വിദ്യാലയങ്ങളും, യുവജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രക്രീയയിൽ പങ്കാളികളാകുന്നതിലൂടെ രാഷ്ട്ര നിർമിതിയിലാണ് പങ്കാളികളാകുന്നതെന്നുള്ള സന്ദേശമാണ് ഫ്ളാഷ് മോബ് വഴി ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ചത്. ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ലഹരി വിരുദ്ധ കമ്മിഷന്‍ കോഡിനേറ്റര്‍ ശ്രീ. എബി മാത്യു ഈ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട് എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. പരിപാടിയില്‍ റ്റി.എസ്.എസ്.എസ്. സ്റ്റാഫ് അംഗങ്ങളും സി. എച്ച്. എം. എം. കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു