തിരുവനന്തപുരം: ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്റെ വ്യക്തിത്വത്തിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയായ കെ.സി.എസ്.എൽ-ന്റെ അതിരൂപതതല സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനവും 2024-25 അധ്യായന വർഷത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം അതിരൂപതയിൽ നടന്നു. ഇന്ന് വഴുതക്കാട് കാർമ്മൽ സ്കൂളിൽ നടന്ന പരിപാടി കെ.സി.എസ്.എൽ. സംസ്ഥാന രക്ഷാധികാരി റൈറ്റ്. റവ. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ററ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ. മുഖ്യപ്രഭാഷണം നടത്തി.
കത്തോലിക്ക സഭ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കപ്പെട്ട വിശ്വാസം
തലമുറകളിലേക്ക് പകരുന്നത് കുഞ്ഞുങ്ങളിലൂടെയാണെന്ന് തന്റെ ഉദ്ഘാടന സന്ദേശത്തിൽ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. കെ.സി.എസ്.എൽ. സംസ്ഥാനതലത്തിൽ 2023-24 അധ്യായന വർഷത്തെ മികച്ച മൂന്നാമത്തെ രൂപതയ്ക്കുള്ള കെസിബിസി പുരസ്കാരം നേടിയ തിരുവനന്തപുരം അതിരൂപതയെ സമ്മേളനത്തിൽ അഭിനന്ദിച്ചു. മുഖ്യപ്രഭാഷണം നടത്തിയ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് കുഞ്ഞുങ്ങൾക്കായി ഗാനമാലപിച്ചത് പരിപാടിയെ ആകർഷകമാക്കി.
കെ.സി.എസ്.എൽ. അതിരൂപത മുൻ ഡയറക്ടർമാരായ റവ. ഫാ. ചാൾസ് ലിയോൺ, റവ. ഫാ. ലോറൻസ് കുലാസ്, റവ. ഫാ. റോഡ്രിഗസ് കുട്ടി, ഫാ. ഷാജൻ ജോസ്, റവ. ഫാ. ജേക്കബ് സ്റ്റെല്ലസ് എന്നിവരെയും അധ്യാപകനും ചരിത്രകാരനുമായ ശ്രീ. ഇഗ്നേഷ്യസ് തോമസിനെയും സമ്മേളനത്തിൽ ആദരിച്ചു. തുടർന്ന് മുൻ അധ്യായന വർഷം മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം വിശിഷ്ടാഥിതികൾ വിതരണം ചെയ്തു. കെ.സി.എസ്.എൽ. സംസ്ഥാന ഡയറക്ടർ റവ. ഫാ. കുര്യൻ തടത്തിൽ, സംസ്ഥാന പ്രസിഡന്റ് മാസ്റ്റർ ബേബി തദയൂസ്, തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ഡയറക്ടർ റവ. ഫാ. സജു റോൾഡൻ എന്നിവർ ആശസകളർപ്പിച്ച് സംസാരിച്ചു.