അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ വിശുദ്ധിയെ പ്രഘോഷിക്കാനും അതിന്റെ അടിത്തറയെ ശക്തിപ്പെടുത്താനും കുടുംബ പ്രേഷിത ശുശ്രൂഷ അഞ്ചുതെങ്ങ് ഇടവകയിൽ നടത്തുന്ന പ്രഥമ ഫാമിലി അഗാപ്പേയുടെ ആറാം ദിന പ്രവർത്തങ്ങൾ സമാപിച്ചു. ആറാം ദിനമായ മാർച്ച് 14 വെള്ളിയാഴ്ച ഫ്രാൻസിസ് പാപ്പ വിഭാവനം ചെയ്ത സിനഡൽ അനുഭവം സാധ്യമാക്കുന്ന, ദേവാലയവുമായി അകന്നുകഴിയുന്ന കുടുംബങ്ങളെ ദേവാലയവുമായി ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങൾ നടന്നു. രാവിലെ 9 മണിക്ക് ജീവിതത്തിൽ വെല്ലുവിളികളും മാനസിക സംഘർഷങ്ങളിലും കടന്നുപോകുന്നവർക്കായുള്ള കൗൺസിലിംഗും കുമ്പസാരവും നടന്നു. അതേസമയം കുടുംബ ശുശ്രൂഷ വോളന്റിയേഴ്സ് ദേവാലയവുമായി അകന്നുകഴിയുന്ന കുടുംബങ്ങളെ സന്ദർശിച്ചു.
രാവിലെ 10 മണിക്ക് രോഗികൾക്കുവേണ്ടി പ്രത്യേകമായി അർപ്പിച്ച ദിവ്യബലിക്ക് ഇടവകയിലെ യുവജനങ്ങൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. രോഗികളെ ദേവാലയത്തിൽ കൊണ്ടുവരാനും തിരികെ വീടുകളിലെത്തിക്കാനും യുവജനങ്ങൾ മുന്നിൽനിന്നു. ഉച്ച്യ്ക്ക് വലിയക്കുടുംബങ്ങളുടെ സംഗമവും ഇവർക്കായുള്ള ക്ലാസ്സും നടന്നു. തുടർന്ന് വലിയ കുടുംബങ്ങളുടെ ഫോറം രൂപീകരിച്ചു. വൈകുന്നേരം നടന്ന കുരിശിന്റെ വഴി പ്രാർഥനയ്ക്കുശേഷം എല്ലാ കുടുംബങ്ങളും മാധ്യമമുക്ത കുടുംബ മണിക്കൂർ പാലിച്ചു. ഭവനങ്ങളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് പ്രാർഥിക്കുകയും ഭക്ഷിക്കുകയും സ്നേഹസംഭാഷണം നടത്തുകയും ചെയ്യുന്നതാണ് മാധ്യമമുക്ത കുടുംബ മണിക്കൂർ. ഇതിനായുള്ള നിർദ്ദേശങ്ങൾ കുടുംബ നവീകരണ ധ്യാനത്തിലും ഇടവക വികാരിയുടെയും ഇടവക കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിലും മുൻകൂട്ടി നൽകിയിരുന്നു. കുടുംബ ബന്ധങ്ങൾ ഊഷ്മളമാകുന്നതിനും കുടുംബങ്ങളുടെ വീണ്ടെടുപ്പിനും വളരെയധികം സഹായിക്കുന്നതാണ് മാധ്യമമുക്ത കുടുംബ മണിക്കൂർ. തുടർന്നുള്ള ദിവസങ്ങളിലും മാധ്യമമുക്ത കുടുംബ മണിക്കൂർ എല്ലാ കുടുംബങ്ങളിലും പാലിക്കുന്നൂവെന്ന് യൂണിറ്റ് അടിസ്ഥാനത്തിൽ കുടുംബ ശൂശ്രൂഷ പ്രവർത്തകർ ഉറപ്പുവരുത്തും.