വെള്ളയമ്പലം: അതിരൂപതയിലെ ഇടവകകളിലെ വിദ്യാഭ്യാസ ശുശ്രൂഷ കൺവീനർമാർക്കായി ഏകദിന പരിശീലന ശില്പശാല നടന്നു. അതിരൂപത ശുശ്രൂഷ കോർഡിനേറ്റർ ഫാ. ലോറൻസ് കുലാസ് ശില്പശാല ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ നിലവാരം നമ്മുടെ കുട്ടികളിൽ ഉയരാനുള്ള മാർഗങ്ങളും പ്രയത്നങ്ങളും കൂടുതൽ കാര്യക്ഷമമായി നടക്കണമെന്നും അതുവഴി വിദ്യാസമ്പന്നരായി രാഷ്ട്രീയത്തിലും ഉദ്യോഗ തലത്തിലും ലത്തീൻ സമുദായത്തിന്റെ ശബ്ദം ഉയരണമെന്നും ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
മരിയൻ എൻജിനീയറിംഗ് കോളേജ് മാനേജർ ഫാ. എ. ആർ. ജോൺ, അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ എന്നിവർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസത്തിലൂടെ സമഗ്ര വളർച്ച, പ്ലാനിംഗ് ബഡ്ജറ്റിൽ മുൻഗണന നൽകേണ്ട പ്രവർത്തനങ്ങൾ, ആൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തൽ, സിവിൽ സർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്, ജീവിത നൈപുണ്യ വികസന ക്യാമ്പ് എന്നിവ ക്ലാസ്സിൽ പ്രതിപാദ്യ വിഷയങ്ങളായി.