കോവളം: ലൂർദ്ദ്മാതാവിന്റെ തിരുനാൾ ദിനം ആഗോള സഭയിൽ രോഗിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ആഴാകുളം ക്രിസ്തുരാജ ദേവാലയത്തിൽ ദൈവത്തോടും പ്രകൃതിയോടും ചേർന്നുനിന്ന് ആത്മീയ ഉണർവ്വിന് ഊർജ്ജം പകരുന്ന ആത്മവൃന്ദാവൻ പദ്ധതിക്ക് തുടക്കംകുറിച്ചു. ഇടവകവികാരി ഫാ. യൂജിൻ ബ്രിട്ടോയുടെ നേതൃത്വത്തിൽ കാരുണ്യഭവനിലെ അന്തേവാസികളും, മതബോധന അധ്യാപകരും ചേർന്ന് ദേവാലയാങ്കണത്തിൽ വിവിധ ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ചു.
തുടർന്ന് നടന്ന ദിവ്യബലി മധ്യേ രോഗികൾക്കായി തൈലാഭിഷേക പ്രാർത്ഥന നടത്തി ഉപഹാരങ്ങൾ വിതരണം ചെയ്തു. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയാണ് ലൂർദ്ദ്മാതാവിന്റെ തിരുനാൾ ദിനം ആഗോളസഭയിൽ രോഗിദിനമായി ആചരിക്കുന്നതിന് തുടക്കംകുറിച്ചത്. ഇക്കൊല്ലത്തെ ദിനാചരനത്തോടനുബന്ധിച്ച് ‘മനുഷ്യൻ തനിച്ചായിരിക്കുന്നത് നല്ലതല്ല – ബന്ധങ്ങളിലൂടെ രോഗികളെ സുഖപ്പെടുത്തുക’ എന്ന സന്ദേശമാണ് ഫ്രാൻസിസ് പാപ്പ നൽകിയത്.