വെള്ളയമ്പലം: തിരുവചനം വായിക്കുന്നതിനും പഠിക്കുന്നതിനും അതിൽ വളരുന്നതിനും KCBC ബൈബിൾ കമ്മിഷനും, കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയും വർഷംതോറും നടത്തുന്ന ലോഗോസ് ക്വിസിന് കളിച്ചുകൊണ്ടൊരുങ്ങാൻ സഹായിക്കുന്ന ലോഗോസ് ക്വിസ് ഗെയിം ആപ്പിന്റെ ഏഴാം പതിപ്പിന് സമാപനം. ഇന്ന് വെള്ളയമ്പലത്ത് നടന്ന ചടങ്ങിൽ തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
തിരുവനന്തപുരം അതിരൂപത മീഡിയകമ്മിഷൻ പുറത്തിറക്കുന്ന ലോഗോസ് ക്വിസ് പഠന സഹായിയും, ഗെയിം ആപ്പും അതിലെ സംഘാടകർക്കും അതിൽ പങ്കുകാരാകുന്നവർക്കും എമ്മാവൂസിൽ ക്രിസ്തുശിഷ്യർക്കുണ്ടായപോലെ ‘വചനത്തിൽ ജ്വലിക്കുന്ന ഹൃദയങ്ങളുമായി വചനത്താൽ ചലിക്കുന്നവരായി’ കാണപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മീഡിയ കമ്മിഷൻ എക്സിക്യുട്ടിവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങിൽ ലോഗോസ് ടീം കൺവീനർ ഫാ. ദീപക് ആന്റോ സ്വാഗതം പറഞ്ഞു.
ലോഗോസ് ഗെയിം ആപ്പ് ഏഴാം പതിപ്പ് മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറക്കിയിരുന്നു. ഇംഗ്ലീഷിൽ ആദ്യസ്ഥാനം കരസ്ഥമാക്കിയ തെലുങ്കാനയിലെ ഫരീദാബാദ് രൂപതാംഗമായ ശ്രീ. വിൻസെന്റ് എം. എ, മലയാളം വിഭാഗത്തിൽ ആദ്യസ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരം അതിരൂപതയിലെ ശ്രീമതി ഡോണ ബോസ് എന്നിവർ അഭിവന്ദ്യ മെത്രാപ്പോലീത്തയിൽ നിന്നും 5000/- രൂപ ക്യാഷ് പ്രൈസും, മെമന്റോയും, സർട്ടിഫിക്കറ്റും, 2024 ലോഗോസ് ക്വിസ് പഠന സഹായിയും ഏറ്റുവങ്ങി. രണ്ടാം സ്ഥാനകാർക്കുള്ള 3000/- രൂപ ക്യാഷ് പ്രൈസും, മെമന്റോയും, സർട്ടിഫിക്കറ്റും, 2024 ലോഗോസ് ക്വിസ് പഠന സഹായിയും കരസ്ഥമാക്കിയത് ഇംഗ്ളീഷ് വിഭാഗത്തിൽ തൃശൂർ രൂപതയിലെ ശ്രീമതി ഹണി സണ്ണിയും മലയാളം വിഭാഗത്തിൽ തിരുവനന്തപുരം അതിരൂപതയിലെ ശ്രീമതി ലത സജുവുമാണ്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഇംഗ്ലീഷ് വിഭാഗത്തിൽ ഇരിഞ്ഞാലക്കുട രൂപതാംഗം ശ്രീമതി ഹിമ സെബാസ്റ്റ്യൻ, മലയാളം വിഭാഗത്തിൽ തിരുവനന്തപുരം അതിരൂപതാംഗം ശ്രീമതി എൽസി ഡേവിഡ് എന്നിവർ 2000/- രൂപ ക്യാഷ് പ്രൈസും, മെമന്റോയും, സർട്ടിഫിക്കറ്റും, 2024 ലോഗോസ് ക്വിസ് പഠന സഹായിയും സ്വീകരിച്ചു. തുടർന്ന് ഇരു വിഭാഗങ്ങളിലായി 10 വരെ സ്ഥാനകാർക്ക് 1000/- രൂപ ക്യാഷ് പ്രൈസും, മെമന്റോയും, സർട്ടിഫിക്കറ്റും, 2024 ലോഗോസ് ക്വിസ് പഠന സഹായിയും വിതരണം ചെയ്തു. മലയാളം വിഭാഗത്തിൽ ആദ്യ 100 സ്ഥാനകാർക്കും, ഇംഗ്ലീഷ് വിഭാഗത്തിലെ ആദ്യ50 സ്ഥാനകാർക്കും സർട്ടിഫിക്കറ്റും , 2024 ലോഗോസ് ക്വിസ് പഠന സഹായിയും നൽകി. വിവിധ കാരണങ്ങളാൽ സമ്മാനദാന ചടങ്ങിൽ എത്തിചേരാൻ കഴിയാത്തവർക്ക് മീഡീയ കമ്മിഷൻ ഓഫീസിൽ നിന്നും സമ്മാനങ്ങളും സർട്ടിഫിക്കറ്റും തപാൽ വഴിയെത്തിക്കും.
സമ്മാന ദാന ചടങ്ങിൽ തിരുവനന്തപുരം അതിരൂപതയിൽ ബൈബിൾ പഠനക്ലാസ്സുകൾക്കായി അക്ഷീണം പ്രവർത്തിച്ചുവരുന്ന വിഴിഞ്ഞം ഇടവക വികാരി മോൺ. നിക്കോളസ് റ്റി., റവ. സിസ്റ്റർ സേവ്യർ അമ്മ എന്നിവർ ആശംസകളർപ്പിച്ചു. ലോഗോസ് ക്വിസ് ഗെയിം ഇംഗ്ലീഷ് വിഭാഗം കൈകാര്യം ചെയ്യുന്ന ശ്രീ. അലക്സ് ഫെർണാണ്ടസ്, ഗെയിമിൽ ഏറ്റവുമധികം പോയിന്റ് കരസ്ഥമാക്കിയ ശ്രീ. വിൻസന്റ് എന്നിവർ സന്ദേശം നൽകി. ലോഗോസ് ടീം കോ ഓർഡീനേറ്റർ ശ്രീ. ഷാജി ജോർജ്ജ് കൃതജ്ഞതയർപ്പിച്ചു.
2024 ജൂലൈ മാസത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറങ്ങുന്ന ഗെയിം ആപ്പിൽ കളിച്ച് വിജയിക്കുന്നവർക്ക് ഇരുവിഭാഗങ്ങളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 10,000/- രൂപയും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 7500/- രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 5000/- രൂപയും 4 മുതൽ 10 സ്ഥാനകാർക്ക് പ്രോത്സാഹനമായി 1000/- രൂപയുമാണ് ക്യാഷ്പ്രൈസായി ലഭിക്കുക. കൂടാതെ അതിരൂപതയുടെ യുട്യൂബ് ചാനലിലൂടെ പഠനക്ലാസ്സുകൾ ഒരുക്കുമെന്ന് മീഡീയ കമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് പറഞ്ഞു.