ഈ വർഷത്തെ ലോഗോസ് ആപ്പ് സമ്മാനങ്ങൾ തിരുവനന്തപുരം അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്. റവ. തോമസ് നെറ്റോ പിതാവിൽ നിന്നും വിജയികൾ ഏറ്റുവാങ്ങി. തുടർച്ചയായ അഞ്ചാം വർഷവും പുറത്തിറക്കിയ ലോഗോസ് ആപ്പ് വിജയികൾക്ക് തിരുവനന്തപുരം അതിരൂപത അദ്ധ്യക്ഷൻ ഡോ. തോമസ് ജെ നേറ്റോ സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു. പുതുതലമുറയിലുള്ളവർക്ക് അവരുടെ ഭാഷയിലും, മീഡിയയുടെ എല്ലാവിധ സാങ്കേതികവിദ്യകളും വിനിയോഗിച്ചുകൊണ്ടും ദൈവവചനത്തോട് താല്പര്യമുണർത്താനും ലോഗോസ് ക്വിസ്സ് അഞ്ചാംപതിപ്പിലൂടെ സാധിച്ചുവെന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോഗോസ് ക്വിസ്സ് മൊബൈൽ ആപ്പ് മത്സരാർത്ഥികൾ ഇത്തവണയും ആവേഷത്തോടെയാണ് സ്വീകരിച്ചത്. ലോഗോസ് പരീക്ഷയ്ക്കായി കളിച്ചുകൊണ്ട് തയ്യാറെടുത്തവരിൽ നിന്നും കൂടുതൽ പോയിന്റ് നേടിയവരെ കഴിഞ്ഞ മാസം 25-ന് വിജയികളായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം അതിരൂപതയിലെ പൂന്തുറ ഇടവക അംഗമായ കാൽവിനോ കാർനെറ്റ് ആണ് ഒന്നാം സ്ഥാനം കരസ്തമാക്കിയത്. വവ്വാമൂല ഇടവകാംഗം ശ്രീമതി ഗ്രേസി തോമസ് രണ്ടും, പൂഴിക്കുന്ന് ഇടവക അംഗമായ ശ്രീമതി റീജ സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശ്രീമതി ഫിജി ബെയ്സിൽ പെരേര, ശ്രീമതി റീനു സിൽവസ്റ്റർ, ശ്രീ അജു മാത്യു, ശ്രീമതി കെസിയ ജോൺസൺ, ശ്രീമതി ബീന ജോൺസൺ, ശ്രീമതി കെസിയ മാർഗരറ്റ്, ശ്രീമതി ജ്യോതി എൽ, എന്നിവരാണ് കൂടുതൽ സ്കോർ കരസ്ഥമാക്കിയ ആദ്യ 10 പേർ. ആദ്യ പത്ത് സ്ഥാനം കരസ്തമാക്കിയവർക്ക് സർട്ടിഫിക്കറ്റും ഫലകവും നൽകി ആദരിച്ചു. കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയ 100 പേർക്കും സർട്ടിഫിക്കറ്റ് നൽകി. ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഓവറോൾ സ്ഥാനം കരസ്തമാക്കിയ പൂന്തുറ ഇടവകക്ക് ഫലകം നൽകി അഭിനന്ദിച്ചു.
വെള്ളയമ്പലം ടി എസ് എസ് എസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സമ്മാനം നൽകിയത്. അതിരൂപതയിൽ നിന്നുള്ള പങ്കാളിത്തത്തോടൊപ്പം മറ്റ് രൂപതകളിൽ നിന്നുള്ളവരുടെയും പങ്കാളിത്തം സമ്മാനദാന പരിപാടിക്ക് കൂടുതൽ ഊർജമായെന്ന് സംഘാടകർ അറിയിച്ചു. തൃശ്ശൂർ, ഇരിഞ്ഞാലക്കുട, നെയ്യാറ്റിൻകര, കോതമംഗലം, അലപ്പുഴ തുടങ്ങിയ രൂപതകളിൽ നിന്ന് മത്സരാർത്ഥികൾ വന്ന് സർട്ടിഫിക്കറ്റും ആദരവും ഏറ്റുവാങ്ങി.
2017 -മുതല്‍ പുറത്തിറക്കാനാരംഭിച്ച ആപ്പിൽ ഒരോ വർഷവും ആയിരക്കണക്കിനു പേരാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലിരുന്ന് ലോഗോസ് ക്വിസ്സിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി മത്സരിച്ചത്. അഞ്ചു ഘട്ടങ്ങളിലായി 1050 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഇത്തവണ ലോഗോസ് മൊബൈൽ ആപ്പ് പുറത്തിറക്കിയത്. മത്സര പരീക്ഷക്ക് മുമ്പായി മോഡൽ പരീക്ഷയും പരിശീലിക്കാൻ ആപ്പിലൂടെ സഹായകമായെന്ന് മത്സരാർഥികൾ അഭിപ്രായപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ, ആദ്യശ്രമത്തിൽ തന്നെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയവർക്കാണ് കൂടുതൽ പോയിൻറ് ലഭിക്കത്തക്ക രീതിയിൽ ഗെയിം ക്രമീകരിച്ചത്. അതിരൂപത മീഡിയ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ദീപക് ആന്റോ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്രദർ സാലു സിൽവയ്യൻ, ശ്രീ. ഷാജി ജോർജ്ജ്, മീഡിയ കമ്മീഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ. സതീഷ് ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.