വത്തിക്കാൻ: യേശുവിന്റെ തിരുഹൃദയത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ജൂൺ മാസത്തിന്റെ പ്രത്യേകതകൾ എടുത്തുപറഞ്ഞുകൊണ്ടും, തിരുഹൃദയ ഭക്തി കൂടുതൽ പ്രചാരത്തിലാക്കുവാൻ താൻ തയ്യാറാക്കുന്ന പുതിയ രേഖയെപ്പറ്റി സൂചിപ്പിച്ചുകൊണ്ടും, ഫ്രാൻസിസ് പാപ്പാ മെയ് മാസം അഞ്ചാം തീയതി നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിച്ചു.
2023 ഡിസംബർ 27 ന് ആരംഭിച്ച അലക്കോകയിലെ വിശുദ്ധ മർഗരീത്തയ്ക്ക് യേശുവിന്റെ തിരുഹൃദയ ദർശനം നൽകിയതിന്റെ 350-ാം വാർഷികാഘോഷം 2024 ജൂൺ 27 ന് സമാപിക്കും. യേശുവിന്റെ തിരുഹൃദയ ഭക്തി ഏറെ പ്രാധാന്യത്തോടെ പങ്കുവയ്ക്കപ്പെടുന്ന ഈ അവസരത്തിൽ മുൻകാലത്തിലെ പഠനരേഖകളുടെയും, തിരുവചനഭാഗങ്ങളുടെയും, ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ താൻ പുതിയ ഒരു രേഖ തയ്യാറാക്കുന്നുവെന്ന സന്തോഷകരമായ വാർത്തയും പാപ്പാ പങ്കുവച്ചു. ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അർത്ഥവത്തായ സന്ദേശം നൽകുവാൻ ഈ ഭക്താഭ്യാസം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. സെപ്തംബർ മാസം പാപ്പായുടെ പുതിയ രേഖ പ്രസിദ്ധീകരിക്കും.