കുഷ്ഠരോഗികളെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തരുതെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. റോമിൽ നടക്കുന്ന കുഷ്‌ഠരോഗത്തെ കുറിച്ചുള്ള കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പ ഈ അഭ്യർത്ഥന മുന്നോട്ടുവച്ചത്.
ദുർബലരെ സുഖപ്പെടുത്താനും, അവർക്ക് നിഷേധിക്കപ്പെട്ട അവരുടെ അവകാശങ്ങളും അന്തസ്സും പുനസ്ഥാപിക്കുന്നതിനായി പരിശ്രമിക്കുന്നവരെ നല്ല സമരിയക്കാരനോട് താരതമ്യപ്പെടുത്തിക്കൊണ്ട് പാപ്പാ സംസാരിച്ചു. ഈ രോഗത്തെ മാത്രമല്ല, ഈ രോഗം ബാധിച്ചവരെയും സമൂഹം മനഃപൂർവം മറക്കുന്നു എന്നതും നമ്മെ എല്ലാവരെയും ആശങ്കപ്പെടുത്തണം. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന രോഗങ്ങളിൽ ഒന്നാണ് ഇത്.
കുഷ്ഠരോഗം ബാധിച്ച നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായ മനുഷ്യവകാശ ലംഘനങ്ങൾക്ക് ഇരകളാകുന്നത് തുടരുകയാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. നിരവധിപേരെ ബാധിക്കുന്ന ഈ രോഗത്തെ നാം അവഗണിക്കരുതെന്നും പ്രത്യേകിച്ച് ദരിദ്രമായ സാമൂഹ്യ സന്ദർഭങ്ങളിൽ നിന്നുള്ള രോഗികളെ അവഗണിക്കുന്നത് തടയണമെന്നും പാപ്പ ആവശ്യപ്പെട്ടു.