ലാറ്റിൻ ഭാഷ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഹെറിറ്റേജ് കമ്മീഷനും കെ.ആർ.എൽ.സി.ബി.സി-യും സംയുക്തമായി ലാറ്റിൻ ഭാഷ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. ലാറ്റിൻ ഭാഷാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൂടിചേർന്ന ആസൂത്രണ യോഗം നാലാം തിയതി കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ നടന്നു.
മാർച്ച് 4- ന് ലാറ്റിൻ ഭാഷയുടെ പഴമ, ചരിത്രം, പാരമ്പര്യം എന്നിവയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പതമാക്കിയുള്ള മത്സരങ്ങളോടുകൂടിയാണ് ഇക്കുറി ലാറ്റിൻ ഡേയ് ആഘോഷിക്കാൻ പദ്ധതിയിടുന്നത്. ആദ്യ കാലഘട്ടങ്ങളിൽ ലോകം മുഴുവൻ ഉപയോഗിച്ചിരുന്ന ലാറ്റിൻ ഭാഷയുടെ പ്രചരണത്തിനും, ലാറ്റിൻ ഭാഷ സ്നേഹികളുടെ ഒത്തുചേരലിലൂടെ ലാറ്റിൻ ഭാഷയുടെ പ്രാധാന്യം എല്ലാവരിലേക്കുമെത്തിക്കുകയാണ് ഭാഷ ദിനാഘോഷത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഒരുവർഷത്തെയോ ഒരു ദിവസത്തെയോ ആഘോഷമാക്കി മാറ്റാതെ ഭാഷയുടെ പ്രാധാന്യം അനേകം പേരിലെത്തിക്കാൻ ലാറ്റിൻ ഭാഷ സ്നേഹികൾക്ക് സാധിക്കണമെന്ന് പുനലൂർ രൂപത അധ്യക്ഷൻ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തൻ പറഞ്ഞു.
ലാറ്റിൻ ഭാഷ കേവലം ചിലരിൽ മാത്രം ഒതുങ്ങി നിൽക്കാതെ രാജ്യ വ്യാപകമായി എല്ലായിടങ്ങളിലേക്കും എങ്ങനെ എത്തിക്കാമെന്ന ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും മാധ്യമ സംവിധാനങ്ങളിലൂടെ ഭാഷയുടെ പ്രാധാന്യം എല്ലാവരിലേക്കുമെത്തിക്കാൻ സാധിക്കണമെന്നും ലാറ്റിൻ ഭാഷ നന്നായി പഠിക്കുന്ന വ്യക്തികൾക്ക് മറ്റു ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുമെന്നും
തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് ആർ പറഞ്ഞു.
“സിനെ മോറ” (be quick) എന്ന് പെരുനൽകിയിരിക്കുന്ന ലാറ്റിൻ ദിനാഘോഷത്തിന്റെ ലോഗോ ബിഷപ്പ് സിൽവസ്റ്റർ പൊന്നുമുത്തനും, സഹായ മെത്രാൻ ക്രിസ്തുദാസ് ആർ- ഉം ചേർന്ന് പ്രകാശനം ചെയ്തു. മഞ്ഞ, ചുവപ്പ് നിറങ്ങളിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ലോഗോ, മഞ്ഞ നിറത്തിലൂടെ സൂചിപ്പിക്കുന്നത് മുന്നിലേക്ക് കുതിക്കുകയും ചുവപ്പ് നിറത്തിലൂടെ ലാറ്റിൻ ഭാഷയുടെ പ്രചരണത്തിന് തടസമായി നിൽക്കുന്ന ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്ന ത്യാഗത്തെയും സൂചിപ്പിക്കുന്നു. ലോഗോയിൽ കാണുന്ന പോരാളി ലത്തീൻ ഭാഷയുടെ വളർച്ചയ്ക്കായി പ്രെയത്നിക്കുന്ന ഓരോരുത്തരെയും സൂചിപ്പിക്കുന്നു.
അതിരൂപതയിൽ പ്രവർത്തിക്കുന്ന 3 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് നിലവിൽ ലാറ്റിൻ ഭാഷ പഠിപ്പിക്കുന്നത്. കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലാറ്റിൻ ഭാഷ നിർബന്ധ പഠന വിഷയമാക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി. തിരുവനന്തപുരം അതിരൂപത മുൻ ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡോ. സൂസപാക്യം എം-ന്റെ മുഖ്യ കാർമികത്വത്തിൽ ലാറ്റിൻ ഭാഷയിലുള്ള ദിവ്യബലിയും, ശേഷം നടക്കുന്ന ലാറ്റിൻ കോറൽ സംഗീത പരിപാടിയോടുകൂടി ലാറ്റിൻ ഭാഷാദിനാചാരണത്തിന് സമാപനമാകും. ലാറ്റിൻ ഭാഷ അസോസിയേഷൻ അംഗങ്ങൾ, വൈദീകർ, ലാറ്റിൻ ഭാഷ അധ്യാപകർ, ലാറ്റിൻ ഭാഷ സ്നേഹിതർ തുടങ്ങിയവർ ആസൂത്രണ യോഗത്തിൽ സന്നിഹിതരായിരുന്നു.