വെള്ളയമ്പലം: പാളയം ഫൊറോനയിലെ അല്മായ ശുശ്രൂഷ സമിതി അല്മായ സംഗമം സംഘടിപ്പിച്ചു. ഫെബ്രുവരി 4 ഞായറാഴ്ച വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ അല്മായ ശുശ്രൂഷ പാളയം ഫൊറോന കൺവീനർ ശ്രീ. മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേര സംഗമം ഉദ്ഘാടനം ചെയ്തു. അല്മായ ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. മൈക്കിൾ തോമസ് അനുഗ്രഹ പ്രഭാഷണവും പാളയം ഫൊറോന വികാരി മോൺ. വിൽഫ്രഡ് ഇ പാളയം ഫൊറോന അല്മായ ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ എന്നിവർ സന്ദേശവും നൽകി.
നമ്മുടെ ഭരണസംവിധാനങ്ങൾ സാധാരണക്കാരയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭവനം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിൽ സുരക്ഷിതത്വം നൽകേണ്ടതിന് പകരം കോർപ്പറേറ്റുകളടങ്ങുന്ന ഒരു വിഭാഗത്തിന് വളരാനുള്ള അവസരമൊരുക്കി രാജ്യം മുഴുവൻ വികസനത്തിന്റെ പാതയിലാണെന്ന് കപടത പ്രചരിപ്പിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. അതിനാൽ അല്മായരിൽ നിന്നും വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവരെ വളർത്തി വിഷയങ്ങളെ പഠിച്ച് സാധാരണക്കാരുടെ അവകാശങ്ങൾ നേടിയെടുക്കന്നതിനായുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ അല്മായ സംഘടനകൾക്ക് സാധിക്കണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മോൺ. യൂജിൻ എച്ച് പെരേര പറഞ്ഞു. അല്മായ ശുശ്രൂഷയുടെ ലക്ഷ്യങ്ങളും ദൗത്യങ്ങളും മനസിലാക്കിയാൽ വളരെയേറെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ അല്മായരുടെ വളർച്ചയക്കായി നടപ്പിലാക്കാൻ കെഎൽസിഎ, കെഎൽസിഡബ്ല്യുഎ, ഡിസിഎംഎസ് തുടങ്ങിയ സംഘടനകൾക്ക് സാധിക്കുമെന്ന് ഫാ. മൈക്കിൾ തോമസ് അഭിപ്രായപ്പെട്ടു.
പാളയം ഫൊറോന അല്മായ ശൂശ്രൂഷ സെക്രട്ടറി ശ്രീമതി അന്ന റീത്ത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ കെആർഎൽസിസി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അതിരൂപത കെഎൽസിഎ പ്രസിഡന്റ് ശ്രീ. പാട്രിക് മൈക്കിളിനെ ആദരിച്ചു. ശ്രീമതി ശ്രീലത, ശ്രീമതി മേരി പുഷ്പം, ശ്രീ. ഷെയിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അല്മായർ നേതൃത്വം നൽകിയ കലാപരിപാടികളും അരങ്ങേറി.