കൊച്ചി: മുതലപ്പൊഴിയിലെ ആവർത്തിക്കുന്ന ദുരന്തങ്ങൾ സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണെന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയക്കാര്യ സമിതി കൺവീനർ ജോസഫ് ജൂഡ് എന്നിവർ കുറ്റപ്പെടുത്തി.
ഐതിഹാസികമായ വിഴിഞ്ഞം സമരം അവസാനിപ്പിക്കുമ്പോൾ മുതലപ്പൊഴിയിലെ പുലിമുട്ട് നിർമ്മാണത്തിലെ അശാസ്ത്രീയത പഠിച്ച് പരിഹരിക്കുന്നതിന്
ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തുടർനടപടികൾ ഒന്നും സർക്കാർ സ്വീകരിച്ചിട്ടില്ല എന്നത് ഗുരുതരമായ ഒരു വീഴ്ചയായി കാണേണ്ടതുണ്ട്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം പരാജയപ്പെട്ടു എന്ന് മന്ത്രി ശിവൻകുട്ടി വിലയിരുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം. സമരസമിതിയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാരും നടത്തിയ ചർച്ചയുടെ ഫലമായിട്ടാണ് സമരം അവസാനിപ്പിച്ചത്. ഇങ്ങനെ അവസാനിപ്പിച്ച സമരം പരാജയമാണെന്ന് ഒരു മന്ത്രി തന്നെ വിലയിരുത്തുന്നത് ഈ സമരം അവസാനിപ്പിക്കുന്നതിൽ സർക്കാർ ഗൂഢാലോചന നടത്തി എന്നതിന്റെ തെളിവാണ്.
വിഴിഞ്ഞം സമരത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ കാലതാമസം കൂടാതെ നടപ്പിലാക്കാനുള്ള ആർജ്ജവം സർക്കാർ കാണിക്കണം. സർക്കാരിന്റെ അനാസ്ഥ കൊണ്ട് അപകടങ്ങൾ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്. അതെല്ലാം ഷോ ആണെന്ന് മന്ത്രിയുടെ നിരീക്ഷണം നിരുത്തരവാദിത്വപരവുമാണ്. പ്രശ്നങ്ങളുടെ ഗൗരവം
മനസ്സിലാക്കി പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകുകയാണ് സർക്കാരും സർക്കാരിന്റെ പ്രതിനിധികളും ചെയ്യേണ്ടതെന്ന് കെആർഎൽസിസി രാഷ്ട്രീയകാര്യ സമിതി ഓർമിപ്പിച്ചു.
ലത്തീൻ കത്തോലിക്ക സഭയെ നിരന്തരം അപമാനിക്കുന്ന സർക്കാരിന്റെ ശ്രമങ്ങളെയും മന്ത്രിമാരുടെയും നേതാക്കളുടെയും പ്രസ്താവനകളെയും ഗൗരവത്തോടെ തന്നെയാണ് നോക്കി കാണുന്നതെന്ന് ജോസഫ് ജൂഡ് വ്യക്തമാക്കി.