തിരുവനന്തപുരം. മല്‍സ്യത്തൊഴിലാളികളുടെ സമരം തലസ്ഥാനനഗര ഹൃദയം കൈയ്യടക്കി മുന്നേറുന്നു.മല്‍സ്യത്തൊഴിലാളികളും വൈദീകരും,സ്ത്രീകളും,ചെറുപ്പക്കാരുമുള്‍പ്പടെയുള്ള സമരം ആറാം ദിനമെത്തുമ്പോള്‍ വൈകാരികമായ തലത്തിലേയ്ക്കാണ് നീങ്ങുന്നത്.കേരളത്തിലെ പ്രമുഖമായ വിഴിഞ്ഞം,പൂന്തുറ തീരങ്ങളിലെ മല്‍സ്യത്തൊഴിലാളികളും കോവളം ഫെറോനയിലെ ഇതര ഇടവകകളിൽ നിന്നുള്ളവരുമാണ് ഇന്നത്തെ സമരത്തില്‍ പങ്കെടുത്തത്. സമരസമിതി കണ്‍വീനറായ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര ഉല്‍ഘാടനം ചെയ്ത ധര്‍ണ്ണയില്‍ അതുകൊണ്ടു തന്നെ വൈകാരികമായതും ശക്തവുമായ മുദ്രാവാക്യങ്ങള്‍ ആവേശത്തോടെ മറ്റൊലിക്കൊണ്ടു. കഴിഞ്ഞ ദിവസങ്ങളില്‍ മീന്‍വലകളും കന്നാസും മറ്റുമായിട്ടാണ് മല്‍സ്യത്തൊഴിലാളികള്‍ എത്തിയതെങ്കില്‍ ഇന്ന് കട്ടമരങ്ങളും,ഫൈബര്‍വള്ളങ്ങളും മാര്‍ച്ചില്‍ അണിനിരന്നു.
സര്‍ക്കാര്‍ ഗോഡൗണുകളില്‍ ദുരിതത്തില്‍ കഴിയുന്ന മല്‍സ്യത്തൊഴിലാളി കുടൂംബങ്ങളെ അടിയന്തിരമായി മാറ്റി പാര്‍പ്പിക്കണം.അവരുടെ ദുരിതം ഇനിയും കണ്ടില്ലന്നു നടിച്ചാല്‍ സമരത്തിന്റെ രീതി മാറുമെന്നും ധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത മോണ്‍സിഞ്ഞോര്‍ യൂജിന്‍ എച്ച് പെരേര ആഹ്വാനം ചെയ്തു.കേരളത്തിന്റെ രക്ഷാസൈന്യത്തിനാണ് ഈ ഗതികേടെന്ന് ഫാദര്‍ യൂജിന്‍ ചൂണ്ടിക്കാട്ടി.തീരശേഷണം,കടലാക്രമണം, എന്നിവയെ സംബന്ധിച്ചുള്ള പഠനം,മണ്ണെണ്ണയുടെ ലഭ്യത തുടങ്ങിയ അടിയന്തിര ആവിശ്യങ്ങള്‍ പരിഹരിച്ചേ മതിയാകൂവെന്നും ഫാ.യൂജിന്‍ ചൂണ്ടിക്കാട്ടി.
പരമ്പരാഗതമല്‍സ്യത്തൊഴിലാളികളുടെ മാതൃകയില്‍ തലയില്‍ തോര്‍ത്തുകൊണ്ടുതലപ്പാവു ധരിച്ചുകൊണ്ടായിരുന്നു ആടിയും,പാടിയും,മുദ്രാവാക്യം വിളിച്ച് യുവവൈദീകര്‍ സമരമുഖത്ത് പ്രകടനം നടത്തിയത്.
ലത്തീന്‍ അതിരൂപതയുടെ വിവിധ ഭരണനിര്‍വ്വഹണ സമിതി അദ്ധ്യക്ഷന്‍മാര്‍ സമരത്തെ അഭിസംബോധന ചെയ്തു.ഇടവേളകളില്‍ തീരത്തെ നാടന്‍ പാട്ടുകള്‍ക്ക് ചുവടുവെച്ചും,പ്രത്യേകശീലില്‍ മുദ്രാവാക്യം മുഴക്കിയും സമരക്കാര്‍ അണികള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ടിരുന്നു.സമരത്തിന്റെ പ്രരംഭ ഘട്ടം മാത്രമാണിതെന്നും വരും ദിവസങ്ങളില്‍ കെസിബീസി ഉള്‍പ്പെടെയുള്ള സമിതികളും സമരത്തിന് ഐക്യധാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ടു് രംഗത്തിറങ്ങുമെന്നും സമരസമിതി കണ്‍വീനര്‍ മോണ്‍സിഞ്ഞോര്‍.യൂജിന്‍ പെരേര പറഞ്ഞു.തലസ്ഥാന നഗര ഹൃദയത്തില്‍ നിന്നും കടല്‍ തീരത്തേക്കും വേണ്ടിവന്നാല്‍ കടലിലും സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.അതുകൊണ്ട് സമരസമിതി ഉന്നയിച്ചിട്ടുള്ള ആവിശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെയാണ് സമരമെന്നും സംഘാടകർ പറയുന്നു.