തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന ആനിമസ്ക്രീൻ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നടത്തിയ നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ ദേശീയതലത്തിലേക്ക് ഉയർന്ന ഒരു നേതാവായിരുന്നു. മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിൻറെയും പ്രശംസ പിടിച്ചു പറ്റിയ ആ പ്രവർത്തനശൈലിക്കുള്ള അംഗീകാരം കൂടിയായിരുന്നു ഡോക്ടർ ബി. ആർ. അംബേദ്കർ ചെയർമാനായുള്ള ഭരണഘടനാ ഡ്രാഫ്റ്റ് കമ്മിറ്റിയിലെ പങ്കാളിത്തം. ലത്തീൻ സമുദായ അംഗമായിരുന്ന ആനിമസ്ക്രീൻ എന്ന ധീര വനിതയുടെ സേവനങ്ങൾ കേരള ജനതയൊന്നാകെ അഭിമാനത്തോടെ ഓർക്കുന്നു. സ്ത്രീത്വം പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ആനിമസ്ക്രീന്റെ ജീവിതം വെല്ലുവിളികളെ അതിജീവിക്കാൻ സ്ത്രീകൾക്ക് പ്രചോദനമാകണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ റൈറ്റ് റെവ. ഡോ. ക്രിസ്തുദാസ് പറഞ്ഞു. വഴുതക്കാടുള്ള ആനിമസ്ക്രീൻ പ്രതിമയിൽ ഹാരാർപ്പണം നടത്തിയതിന് ശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണത്തിൽ അസോസിയേഷൻ പ്രസിഡൻറ് ശ്രീ. പാട്രിക്ക് മൈക്കിൾ അധ്യക്ഷതവഹിച്ചു. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, കെഎൽസിഎ ഭാരവാഹികളായ ജോസ് മെസ്മിൻ, ആൻറണി ആൽബർട്ട്, അഡ്വ. എം എ ഫ്രാൻസിസ്, ഫെനിൽ ആന്റണി, മോസസ് ഫെർണാണ്ടസ്,ഷിമ്മി ജോസ്, ഷീബാ പാട്രിക്ക്, അതിരൂപതാ പാസ്റ്റരൽ കൗൺസിൽ സെക്രട്ടറി ബൈജു ജോസ് എന്നിവർ സംസാരിച്ചു.
ആനി മസ്ക്രീന്റെ 58-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് കെ.എൽ.സി. എ. അനുസ്മരണപരിപാടി സംഘടിപ്പിച്ചത്. അതേ ദിവസം വൈകിട്ട് വൈബ്ബിനാറും നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.