മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിച്ച് സുരക്ഷിതമായ മത്സ്യബന്ധനത്തിന് സാഹചര്യം ഒരുക്കുക, മത്സ്യത്തൊഴിലാളികൾക്കും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലിനും എതിരെ രജിസ്റ്റർ ചെയ്ത കള്ളക്കേസുകൾ പിൻവലിക്കുക, മത്സ്യത്തൊഴിലാളികളുടെ വിഷമാവസ്ഥയിൽ അവരെ അധിക്ഷേപിച്ച മന്ത്രിമാർ മാപ്പ് പറയുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അതിരൂപത കെഎൽസിഎ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
അഞ്ചുതെങ്ങ് ജംഗഷനിൽ നിന്നുമാരംഭിച്ച പ്രതിഷേധ മാർച്ചിനെ പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് തടഞ്ഞു. കെ എൽ സി എ രൂപത സമിതിയംഗങ്ങളും സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ അംഗങ്ങളും മാർച്ചിന് നേതൃത്വം നൽകി. പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ശ്രീ. സി പി ജോൺ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന മന്ത്രിമാർ എങ്ങനെയാണ് മന്ത്രിമാരായതെന്ന് കടമനിട്ടയുടെ കവിതയിലെ ‘ഓർക്കുക നിങ്ങൾ നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ എന്ന വരികൾ ചൊല്ലി പ്രതിഷേധം രേഖപ്പെടുത്തി.
മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാനെത്തിയ മന്ത്രിമാർ പ്രകടിപ്പിച്ചത് പറയാൻ പാടില്ലാത്ത വാക്കുകളാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണം കാരണം നാളിതുവരെ നടന്ന 129 അപകടങ്ങളിലായി എഴുപതിലധികം പേരുടെ ജീവൻ നഷ്ടമാകുകയും എഴുന്നൂറോളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. ഇതുനുപുറമേ ജീവിതോപാധിയായ ലക്ഷക്കണന്നിക്കിന് രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളാണ് ഓരോരുത്തർക്കും നഷ്ടമായിട്ടുള്ളത്.
അപകടം നടക്കുമ്പോൾ എത്തുന്ന അധികാരികൾ അടുത്തവർഷം മുതൽ അപകടങ്ങൾ നടക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുമെന്ന സ്ഥിരം പല്ലവി നടത്തി അനാസ്ഥ കാണിക്കുന്നതിൽ പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്. ഈ അമർഷം രേഖപ്പെടുത്തിയപ്പോഴാണ് മന്ത്രിമാർ അവരെ അധിക്ഷേപിച്ചതും, അതിൽ നിന്നും മുഖം രക്ഷിക്കാൻ തിരുവനന്തപുരം അതിരൂപത വികാരി ജനറിലിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് കലാപാഹ്വാനം നടത്തിയെന്ന കള്ളകേസിൽ കുടുക്കിയിരിക്കുന്നതുമെന്ന് കെ. എൽ. സി. എ അംഗങ്ങൾ ചൂണ്ടികാട്ടി.