കടലാക്രമണ ഭീഷണിയും കോവിഡ് മഹാമാരിയും നേരിടുന്ന തീരപ്രദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം അതിരൂപത കെ.സി.വൈ.എം ഗതാഗത വകുപ്പ് മന്ത്രിയായ അഡ്വ.ആൻ്റണി രാജുവിനും ഫിഷറീസ് വകുപ്പ് മന്ത്രിക്കും നിവേദനം നൽകി. തീരപ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ സമർപ്പിച്ച നിവേദനത്തിൽ തീരദേശ ജനതയുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പ്രശ്നങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തരമായി ടെട്രാപ്പോട് ഉപയോഗിച്ച് കടൽഭിത്തി നിർമ്മിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളുടെയും തൊഴിലുപകരണങ്ങളുടേയും സംരക്ഷണം ഉറപ്പു വരുത്തുമെന്നും മത്സ്യതൊഴിലാളികളുടെ തൊഴിൽ സുരക്ഷിതമാക്കാൻ വേണ്ടിയുള്ള ഹാർബർ പരിഗണനയിലാണെന്ന് മന്ത്രി മറുപടി നൽകി. ലത്തീൻ കത്തോലിക്കാ സമുദായത്തിൽ നിന്നും മന്ത്രിയായ തിരുവനന്തപുരം തീരദേശത്തിൻ്റെ മന്ത്രി അഡ്വക്കേറ്റ് ആൻ്റണി രാജുവിന് മൊമൻ്റോയും പൊന്നാടയും നല്കി ആദരിച്ചു. കെ.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാദർ സന്തോഷ് കുമാർ, പ്രസിഡൻറ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി ജോബ്.ജെ വൈസ് പ്രസിഡൻ്റുമാരായ മെറിൻ, സനു സാജൻ, ട്രഷറർ ബെൽബൻ, സംസ്ഥാന സെക്രട്ടറി ഫിലോമിന സിമി എന്നിവർ സന്നിഹിതരായിരുന്നു.