തുറമുഖ വികസനത്തിന്റെ പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടുകൊണ്ടിരിക്കുന്ന അവകാശ സമരത്തിന് പിന്തുണ അറിയിച്ച് കെസിബിസി(കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ). തുറമുഖ വികസനത്തിന്റെ ഭാഗമായ നിർമ്മാണങ്ങളെ തുടർന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും അതേത്തുടർന്ന് ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന് തീരദേശ ജനതയുടെ പ്രശ്നങ്ങളെയും പരിഹരിക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ദിവസങ്ങളോളമായി നടന്നുവരുന്ന സമരത്തെ വേണ്ടവിധത്തിൽ ഭരണാധികാരികൾ പരിഗണിച്ചിട്ടില്ല എന്നതിന് ഉദാഹരണമാണ് കഴിഞ്ഞദിവസം നടന്ന ചർച്ചയെ തുടർന്നുണ്ടായ സമരസമിതിയുടെ പ്രഖ്യാപനം. സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ നടപ്പിലാക്കാമെന്നോ പരിഗണിക്കാമെന്നോ ചർച്ചയിൽ വാക്കുകൊണ്ട് പറഞ്ഞതല്ലാതെ രേഖാമൂലം യാതൊരുവിധ പ്രഖ്യാപനവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരത്തു നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന തീരദേശ ജനതയുടെ അവകാശങ്ങൾക്കെതിരെ മുഖം തിരിക്കുന്ന സർക്കാർ എത്രയും വേഗം ആ ജനതയുടെ ആവശ്യങ്ങൾ നീതിയുക്തമായി നടപ്പിലാക്കണമെന്ന് കെസിബിസി പത്രക്കുറിപ്പിൽ പറഞ്ഞു.