വിവിധ സംസ്ഥാനങ്ങൾ പാസാക്കിയിരിക്കുന്ന മതപരിവർത്തന നിരോധനനിയമത്തെ ദുരുപയോഗിച്ച്, കത്തോലിക്കാസഭയുടെ കീഴിലുള്ള വിവിധ സാമൂഹ്യസേവന സ്ഥാപനങ്ങൾക്കും, വൈദികർക്കും സന്യസ്തർക്കുമെതിരായി ചില രാഷ്ട്രീയമത സംഘടനകൾ അടിസ്ഥാനരഹിതമായി മതപരിവർത്തനാരോപണം ഉന്നയിക്കുകയും അധികാര ദുർവിനിയോഗം നടത്തി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥരെ നിരന്തരം നിർബന്ധിക്കുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധിയാണ്. നിയമക്കുരുക്കിൽ അകപ്പെടുത്തി വൈദികരെയും സമർപ്പിതരെയും ജയിലിലടക്കാനും, വസ്തുവകകൾ കൈവശപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം രാഷ്ട്രീയപ്രേരിതമായ വർഗീയ ശ്രമങ്ങളെന്ന് വ്യക്തമാണ്.
മധ്യപ്രദേശിലെ സാഗർ രൂപതയിലെ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീസമൂഹം നിർദ്ധനരായ പെൺകുട്ടികൾക്കായി വർഷങ്ങളായി നിയമാനുസൃതം നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ അധികാരികൾ നടത്തുന്ന നിയമവിരുദ്ധ ശ്രമം, സാഗറിലെ പിപ്പർഖേഡിയിൽ സി എം സി സന്യാസിനീസമൂഹം എയ്ഡ്സ് ബാധിതരായവരുടെ മക്കൾക്കു വേണ്ടി നടത്തിയ ക്യാംപിനെ തുടർന്ന് നേരിടേണ്ടിവന്ന അതിക്രമങ്ങളും നിയമ നടപടികളും, സാഗർ രൂപതയുടെ തന്നെ അനാഥാലയത്തിനെതിരെ കഴിഞ്ഞയിടെ ഉയർന്ന വ്യാജ ആരോപണങ്ങളും രൂപതയുടെ സ്ഥലം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും, ഉത്തർപ്രദേശിലെ വാരണാസിയിൽ ഒക്ടോബർ മാസം പത്താം തിയ്യതി ട്രെയിൻയാത്രക്കായി എത്തിയ രണ്ട് ഉർസുലൈൻ ഫ്രാൻസിസ്കൻ സന്യാസിനിമാരും, മാർച്ച് പത്തൊമ്പതിന് ഝാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിൻ യാത്രയിലായിരുന്ന രണ്ട് തിരുഹൃദയ സന്യാസിനിമാരും വർഗീയവാദികളുടെ അതിക്രമത്തിനിരയായതുമൊക്കെ അടുത്തകാലത്തുണ്ടായ പ്രതിഷേധാർഹവും മതേതര ഇന്ത്യയ്ക്ക് അപമാനകാരവുമായ ചില സംഭവങ്ങളാണ്. പ്രസ്തുത വിഷയങ്ങളിൽ പലതിലും നിയമവിരുദ്ധ നടപടികൾ സന്യസ്തർക്കും സ്ഥാപനങ്ങൾക്കും എതിരെ സ്വീകരിക്കാൻ കടുത്ത രാഷ്ട്രീയസമ്മർദ്ദം തങ്ങൾക്കുമേലുണ്ട് എന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ അതീവം ആശങ്കാജനകമാണ്.
നിർഭാഗ്യകരമായ ഇത്തരം സംഭവങ്ങളിൽ മതപരിവർത്തനശ്രമമാണ് കുറ്റമായി ആരോപിക്കപ്പെടുന്നത്. നിർബന്ധിത മതപരിവർത്തനം കത്തോലിക്കാസഭയുടെ നയമല്ലാതിരിക്കെതന്നെ, മതപരിവർത്തനം ആരോപിക്കപ്പെട്ട് അവർ അനുഭവിക്കേണ്ടിവരുന്ന അതിക്രമങ്ങളെകുറിച്ചും കള്ളകേസുകളുടെ പേരിൽ നേരിടേണ്ടി വരുന്ന നിയമനടപടികളെകുറിച്ചും സത്യസന്ധമായ ഉന്നതതല അന്വേഷണം ആവശ്യമാണ്. തീവ്രവർഗീയ പ്രസ്ഥാനങ്ങളുടെ സമ്മർദ്ദത്തിൻറെ ഫലമായുള്ളതോ, അവർക്ക് ദുരുപയോഗിക്കാൻ അവസരമൊരുക്കുന്നതോ, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നതോ ആയിരിക്കരുത് മതപരിവർത്തന നിരോധനനിയമങ്ങൾ.
നിസ്വാർത്ഥമായി രാജ്യത്തുടനീളം സാമൂഹ്യസേവനം ചെയ്യുന്ന സമർപ്പിതരെയും അവരുടെ സ്ഥാപനങ്ങളെയും ശത്രുതാപരമായി സമീപിക്കുന്ന രീതിക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. രാജ്യത്തിൻറെ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അനുദിനം വർദ്ധിച്ചുവരുന്ന വർഗ്ഗീയ അതിക്രമങ്ങളിൽ ഇടപെടാനും, മതേതരത്വവും മതസൗഹാർദ്ദവും പുനഃസ്ഥാപിക്കാനും ഭരണാധികാരികൾ മുൻകൈയെടുക്കണം.
@ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ