മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ അവകാശ പോരാട്ടത്തിന്റെ ഭാഗമായി കഴക്കൂട്ടം ഫെറോനയുടെ നേതൃത്വത്തിൽ ഇന്ന് സമരം സംഘടിപ്പിച്ചു.
മത്സ്യബന്ധന ഉപകരണങ്ങളായ വലയും, കന്നാസുമായി പ്രതിഷേധ പ്രകടനമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച റാലി സെക്രട്ടറിയേറ്റ് പടിക്കൽ സമാപിച്ചു. തുടർന്നുള്ള പ്രതിഷേധ ധർണ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ എച്ച് പെരേര ഉദ്ഘാടനം ചെയ്തു. വിനാശകരമായ കടൽ കയറ്റത്തിൻ്റെ പ്രതിസന്ധി നേരിടുന്ന മേഖലയിൽ നിന്നുള്ളവർ കഴിഞ്ഞ 9 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ചിട്ടും നമ്മുടെ ഭരണാധികാരികൾ പുറംതിരിഞ്ഞു നിൽക്കുകയാണെന്നും വരുംനാളുകളിൽ പ്രതിഷേധത്തിന്റെ രൂപവും ഭാവവും മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകിൽ ജീവൻ അല്ലെങ്കിൽ മരണം എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാകും ഇനിയുള്ള ദിവസങ്ങളിൽ സെക്രട്ടറിയേറ്റ് പടിക്കൽ വ്യത്യസ്തമായ സമരവുമായി തങ്ങൾ മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധ പ്രകടനങ്ങൾക്കായി സർക്കാരെപ്പോലെ കാശുകൊടുത്ത് ഇറക്കിയ ജനമല്ല ഇതെന്ന് സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച കഴക്കൂട്ടം ഫെറോന വികാരി ഫാ.ജോസഫ് ബാസ്റ്റിൻ പറഞ്ഞു. കടൽപ്പാട്ടുകളും ജനകീയ ഗാനങ്ങളും ആലപിച്ചുകൊണ്ട് സമരത്തിന് ഊർജ്ജം പകരാൻ സെന്റ് വിൻസെന്റ് സെമിനാരിയിലെ വൈദിക വിദ്യാർഥികളും സമരത്തിൽ അണിനിരന്നു.
പരുത്തിയൂർ ഇടവകയെ പ്രതിനിധീകരിച്ച് സമരത്തെ അഭിസംബോധന ചെയ്ത് ഫാ.ജേക്കബ് സ്റ്റെല്ലസ് സംസാരിച്ചു. മത്സ്യത്തൊഴിലാളി മേഖലയിലെ തൊഴിലവസരങ്ങൾ നീന്താൻ പോലും അറിയാത്തവർക്ക് നൽകാതെ തീരജനതയ്ക്ക് നൽകണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു.
സമരത്തെ അഭിസംബോധന ചെയ്ത് അതിരൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, മത്സ്യത്തൊഴിലാളി ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ഷാജിൻ ജോസ്, ശ്രീ. ബെഞ്ചമിൻ, ആം ആദ്മി സംസ്ഥാന ജനറൽസെക്രട്ടറി ശ്രീ. എം എസ് വേണുഗോപാൽ, ശ്രീ. ഇ. ജോൺ എന്നിവർ സംസാരിച്ചു. ഫെറോനയിലെ വൈദിക സന്യസ അൽമായ പ്രതിനിധികളും പരുത്തിയൂർ ഇടവക ജനങ്ങളും വൈദികരും സമരമുഖത്ത് സന്നിഹിതരായിരുന്നു.