തിരുവനന്തപുരം: കേരള സഭാനവീകരണത്തോടനുബന്ധിച്ച് 2024 യുവജനവർഷമായി ആചരിക്കുവാൻ കെ.സി.ബി.സി. തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ യുവജനവർഷത്തിന്റെ ലോഗോ യുവജനകമ്മിഷൻ ചെയർമാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പുറത്തിറക്കി. കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ റവ. ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, തിരുവനന്തപുരം മേജർ അതിരൂപത അസി. ഡയറക്ടർ റവ. ഫാ. അലോഷ്യസ് തെക്കേടത്ത്, തിരുവനന്തപുരം അതിരൂപത അസി. ഡയറക്ടർ റവ. ഫാ. ഡാർവിൻ ഫെർണാണ്ടസ്, തിരുവനന്തപുരം അതിരൂപത കെ.സി.വൈ.എം. പ്രസിഡന്റ് ശ്രീ. സനു സാജൻ, ജനറൽ സെക്രട്ടറി പ്രീതി ഫ്രാങ്ക്ലിൻ, സെനറ്റംഗം എബിൻസ്റ്റൺ എന്നിവർ സന്നിഹിതരായിരുന്നു.
കണ്ണിൽ കനവും, കരളിൽ കനലും, കാലിൽ ചിറകുകളുമുള്ള ക്രൈസ്തവ യുവത്വം എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കി ലോഗോ തയ്യാറാക്കിയത് ലോകയുവജന സംഗമത്തിന് ലോഗോ തയ്യാറാക്കിയ ടീമിലെ അംഗമായ ശ്രീ. പ്രവീൺ ഐസക്കാണ്. പിതാവായ ദൈവത്തിന്റെ കരുണയുള്ള കണ്ണുകളും പുത്രനായ ദൈവത്തിന്റെ തീഷ്ണഹൃദയവും പരിശുദ്ധാത്മാവായ ദൈവത്തിന്റെ അഗ്നിചിറകുള്ള കാലുകളും ക്രൈസ്തവയുവതയുടെ ലക്ഷണമായി മാറണമെന്ന ആഹ്വാനം പ്രതിഫലിക്കുന്നതാണ് യുവജനവർഷ ലോഗോ.
യുവജനവർഷത്തിന്റെ ആരംഭം കുറിക്കുന്ന ജനുവരി ഏഴാം തിയതി ഞായറാഴ്ച ദിവ്യബലിക്ക്ശേഷം ഇടവകകളിൽ പതാക ഉയർത്തും. കേരളത്തിലെ വിശുദ്ധരുടെയും, ധന്യരുടെയും, ദൈവദാസ/ദാസിമാരുടെയും പുണ്യസ്ഥലങ്ങളിലൂടെയുള്ള വിശുദ്ധയാത്ര, യൂ-ക്യാറ്റ്/ ഡൂ-ക്യാറ്റ് യുവപരിശീലകർക്കുള്ള പരിശീലനം, യൂത്ത് കൺവൻഷനുകൾ, പ്രവാസികളായ യുവജനങ്ങൾക്കായി ഓൺലൈൻ കൺവൻഷനുകൾ, യുവജന ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന വൈദീകർക്കും സന്യസ്തർക്കുമുള്ള പരിശീലനം, അമച്ച്വർ നാടക മത്സരം തുടങ്ങി യുവജനങ്ങളുടെ രൂപീകരണത്തിനും പരിശീലനത്തിനും ഉതകുന്ന വിവിധ പരിപാടികളാണ് യുവജനവർഷത്തിൽ കെ.സി.ബി.സി യൂത്ത് കമ്മിഷൻ വിഭാവനം ചെയ്തിരിക്കുന്നത്