കൊച്ചി: ക്രൈസ്തവ സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ക്രൈസ്തവരുടെ വിഷയങ്ങൾ പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് മാസങ്ങളായി.ആയിരക്കണക്കിന് നിവേദനങ്ങൾ ആണ് വിവിധ തലങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ടത്. അവയുടെ അടിസ്ഥാനത്തിൽ പഠനം നടത്തി കമ്മീഷൻ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളിൽ പരിഹാരം ഉണ്ടാകുന്നതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങളെ കൂടി കേട്ട് സമയബന്ധിതമായി നടപ്പിലാക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളണം. അതിനു മുന്നോടിയായി അടിയന്തരമായി റിപ്പോർട്ട് പുറത്തുവിടാൻ, തയ്യാറാകണം എന്ന് കേരള ലാറ്റിൻകത്തലിക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. തുടർനടപടികൾ ചർച്ച ചെയ്യാൻ കെഎൽസിഎ സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ശനിയാഴ്ച എറണാകുളത്ത് നടന്നു.
സമുദായം നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് അഡ്വ. ഷെറി ജെ തോമസ് തയ്യാറാക്കി, ജനറൽ സെക്രട്ടറി ബിജു ജോസി പ്രസിദ്ധീകരിച്ച സമുദായികം – കൈപ്പുസ്തകം കെആർഎൽസിസി അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ ഡോ ജിജു അറക്കത്തറ ട്രഷറർ രതീഷ് ആന്റണിക്ക് നൽകി പ്രകാശനം ചെയ്തു.
ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ കെഎൽസിഎ സംസ്ഥാന വൈസ് പ്രസിഡന്റും കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ ജസ്റ്റിൻ കരിപാട്ട്, ജാതി സെൻസസ് സംബന്ധിച്ച വിഷയങ്ങൾ സംസ്ഥാന വിദ്യാഭ്യാസ ഫോറം കൺവീനർ ജസ്റ്റിൻ ആന്റണിയും, തീര നിയന്ത്രണ വിജ്ഞാപനത്തെ കുറിച്ച് സംസ്ഥാന സാമൂഹിക – രാഷ്ട്രീയ ഫോറം കൺവീനർ ടി എ ഡാൽഫിനും, തീരദേശ ഹൈവേ വിഷയത്തെ കുറിച്ച് സംസ്ഥാന കലാ കായിക സംസ്കാര ഫോറം കൺവീനർ അനിൽ ഫ്രാൻസിസും, മുതലപ്പൊഴിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കെ എൽ സി എ തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് പാട്രിക്ക് മൈക്കിളും, സമുദായ സർട്ടിഫിക്കറ്റ് വിഷയത്തെ കുറിച്ച് നെയ്യാറ്റിൻകര രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വിയും ,ചെല്ലാനം ഫോർട്ടുകൊച്ചി കടൽഭിത്തി വിഷയത്തെക്കുറിച്ച് ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി സന്തോഷ് കൊടിയനാടും അവതരിപ്പിച്ചു. തുടർന്ന് ഈ വിഷയങ്ങളിൽ സമുദായംഗങ്ങൾ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ചും ചർച്ച ചെയ്തു.