വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയിൽ കർദിനാൾമാരുടെ നിർണായക സമിതിയായ ‘കൺസിസ്റ്ററി’ ഇനിമുതൽ വർഷം തോറും വിളിച്ചുചേർക്കാൻ ലിയോ പാപ്പ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രണ്ടാമത്തെ സംഗമം വരും ജൂൺ 27, 28 തീയതികളിൽ വത്തിക്കാനിൽ നടക്കും. സഭയുടെ സുപ്രധാന തീരുമാനങ്ങളിൽ കർദിനാൾമാരുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
വെറുമൊരു ചടങ്ങെന്നതിലുപരി സഭ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാനുള്ള വേദിയായി കൗൺസിലിനെ മാറ്റാനാണ് പാപ്പയുടെ നീക്കം. മൂന്ന് മുതൽ നാല് ദിവസം വരെ നീളുന്ന ചർച്ചകളിലൂടെ ഓരോ കർദിനാളിനും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ കൂടുതൽ സമയം ലഭിക്കും. ലോകമെമ്പാടും സഭയെ എങ്ങനെ സജീവമാക്കാം എന്നതിലൂന്നിയാകും ചർച്ചകൾ. കർദിനാൾമാരെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് ആശയവിനിമയം നടത്തുന്ന പുതിയ രീതി ഏറെ ഫലപ്രദമാണെന്ന് ആദ്യ യോഗത്തിന് ശേഷം പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ചർച്ചകൾ രഹസ്യമായി സൂക്ഷിക്കാൻ നിർദേശമുണ്ടെങ്കിലും സഭയ്ക്കുള്ളിലെ ജനാധിപത്യപരമായ സംവാദങ്ങൾക്ക് പാപ്പ വലിയ പ്രാധാന്യം നൽകുന്നുണ്ട്. വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാളിന് തൊട്ടുമുമ്പ് നടക്കുന്ന ജൂണിലെ ഈ സംഗമം സഭയുടെ ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാകും.

