വത്തിക്കാന്‍ സിറ്റി: തിരുസഭ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിലിനെ അടുത്തറിയാനും പഠിക്കാനും ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. ഈ വർഷത്തിലെ ആദ്യ ബുധനാഴ്ചയായ ജനുവരി ഏഴാം തീയതി വത്തിക്കാനിൽ ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചയുടെ ഭാഗമായാണ് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും അതിലെ പ്രധാന രേഖകളുടെയും പ്രാധാന്യവും സഭയിൽ അവയുടെ സാംഗത്യവും വിശകലനം ചെയ്യുന്ന ഉദ്ബോധനപരമ്പരയ്ക്കു ലെയോ പാപ്പ തുടക്കം കുറിച്ചത്.
നിഖ്യ സൂനഹദോസിന്റെ വാർഷികത്തിനൊപ്പം 2025-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അറുപതാം വാർഷികവും നമ്മൾ അനുസ്മരിച്ചു. ഈയൊരു സംഭവത്തിൽനിന്ന് നമ്മെ വേർതിരിക്കുന്ന സമയം അത്ര വലുതല്ലെങ്കിലും, മറുഭാഗത്ത്, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മെത്രാന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും വിശ്വാസികളുടെയും തലമുറ ഇപ്പോഴില്ല എന്നതും സത്യമാണ്. അതുകൊണ്ടുതന്നെ, കൗൺസിൽ ഉയർത്തിയ പ്രവാചകസ്വരം ഇല്ലാതാകാതിരിക്കാനും, അത് മുന്നോട്ടുവച്ച ഉൾക്കാഴ്ചകൾ പ്രവർത്തികമാക്കുന്നതിനുള്ള വഴികൾ തേടാനുമുള്ള വിളി തിരിച്ചറിയുമ്പോൾ, പറഞ്ഞുകേട്ടതനുസരിച്ചോ, അതിനെക്കുറിച്ച് നൽകപ്പെട്ട വ്യാഖ്യാനങ്ങളിലൂടെയോ അതിന്റെ രേഖകൾ വീണ്ടും വായിച്ചും, അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് വിചിന്തനം ചെയ്തും, അതിനെ വീണ്ടും അടുത്തുനിന്ന് അറിയുക എന്നത് പ്രധാനപ്പെട്ടതാണ്.

