വത്തിക്കാന്‍ സിറ്റി: സൈനീക അട്ടിമറിയിലൂടെ തടവിലാക്കപ്പെട്ട മ്യാൻമർ പ്രധാനമന്ത്രി ഓങ് സാൻ സൂചിയെ വത്തിക്കാനില്‍ അഭയം നല്‍കാന്‍ സന്നദ്ധത അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഓങ് സാൻ സൂചിയുടെ മോചനത്തിനായി താൻ ആഹ്വാനം ചെയ്യുകയും അവരുടെ മകനെ റോമിൽ സ്വീകരിക്കുകയും ചെയ്തതായി പാപ്പ പറഞ്ഞു. വത്തിക്കാൻ അവര്‍ക്ക് അഭയസ്ഥാനമായി വാഗ്ദാനം ചെയ്യുകയാണെന്നും പാപ്പ പറഞ്ഞു. 2021 ഫെബ്രുവരിയിൽ സൈനിക അട്ടിമറിയിൽ പുറത്താക്കപ്പെട്ടതു മുതൽ ജയിലിൽ കഴിയുന്ന പ്രധാനമന്ത്രി സംരക്ഷിക്കപ്പെടേണ്ട വ്യക്തിയാണെന്നും ഫ്രാൻസിസ് മാര്‍പാപ്പ കൂട്ടിച്ചേർത്തു.
സെപ്തംബർ 2-13 തീയതികളിൽ തെക്കുകിഴക്കൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലേക്കുള്ള തൻ്റെ പര്യടനത്തിനിടെ ജക്കാർത്തയിലെ അപ്പസ്തോലിക് കാര്യാലയത്തില്‍ ഇരുന്നൂറോളം ജസ്യൂട്ടുകളുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെയാണ് മ്യാൻമറിലെ സ്ഥിതിഗതികളെക്കുറിച്ച് മാർപാപ്പ പറഞ്ഞത്. ഇത് ഇക്കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. മ്യാൻമറിലെ പട്ടാളഭരണത്തെ പാടെ നീക്കം ചെയ്ത് ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നിരവധി ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് സ്യൂചി.