ജക്കാർത്ത: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ, ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തിനുമുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ജക്കാർത്താ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഇഗ്നാസിയോ സുഹാരിയോ പറഞ്ഞു. സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള ജക്കാർത്ത കത്തീഡ്രൽ ദേവാലയത്തിനു മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ വലിയചിത്രത്തിൽ, സന്ദർശനത്തിനു അവശേഷിക്കുന്ന ദിവസങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ദേവാലയത്തിനുള്ളിലും ഇപ്രകാരം സ്ഥാപിച്ചിരിക്കുന്ന ചിത്രത്തിന് സമീപവും നിരവധിയാളുകൾ പ്രാർത്ഥനയ്ക്കായി എത്തുന്നതും, എത്രമാത്രം ഒരുക്കത്തോടെയാണ് പരിശുദ്ധപിതാവിനെ കാത്തിരിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതാണ്. വ്യാകുലമാതാവിന്റെ രൂപത്തിന് മുൻപിലും, ഇന്തോനേഷ്യൻ മുഖച്ഛായയുള്ള മാതാവിന്റെ ചിത്രത്തിന് മുൻപിലും മണിക്കൂറുകളോളം ആളുകൾ പ്രാർത്ഥനയ്ക്കായി ചിലവഴിക്കാറുണ്ടെന്ന്, ജക്കാർത്താ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഇഗ്നാസിയോ സുഹാരിയോ പറഞ്ഞു. കത്തീഡ്രലിനു മറുവശത്തുള്ള മോസ്കിലും പാപ്പായുടെ സന്ദർശനത്തിനും, സർവ്വമതസമ്മേളനത്തിനുമുള്ള ഒരുക്കങ്ങൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ ദ്വീപുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഇന്തോനേഷ്യൻ രാജ്യം വളരെയധികം സമ്പന്നമെങ്കിലും, ഐക്യത്തിനുള്ള വെല്ലുവിളികളും ഏറെയാണെന്ന് കർദിനാൾ പറഞ്ഞു. രാജ്യം ഇസ്ലാമിക ഭൂരിപക്ഷമാണെങ്കിലും, ക്രൈസ്തവരായ സഹോദരങ്ങൾ മറ്റുള്ളവർക്കൊപ്പം ഐക്യത്തിൽ കഴിയുന്നുവെന്നത് ഏറെ പ്രധാനപെട്ടതാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. 34 ഇന്തോനേഷ്യൻ പ്രവിശ്യകളിലായി ആകെയുള്ള 275 ദശലക്ഷത്തിലധികം നിവാസികളിൽ, ഏകദേശം 10.5 ദശലക്ഷം കത്തോലിക്കരാണുള്ളത്.
14-ആം നൂറ്റാണ്ടിൽ ചില ഫ്രാൻസിസ്കൻ മിഷനറിമാരുടെ വരവോടെ ആരംഭിച്ച പ്രവർത്തനങ്ങൾ ഇന്ന് ലളിതമായും, സുദൃഢമായും തുടരുന്നുവെന്ന് കർദിനാൾ പറഞ്ഞു. 1500-കളിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ നടത്തിയ സുവിശേഷപ്രവർത്തനങ്ങൾ ഇന്നും തിരികെടാതെ ജ്വലിച്ചുനിൽക്കുവെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. നിരവധി വെല്ലുവിളികൾക്കിടയിലും, ഇന്തോനേഷ്യൻ ജനത രാഷ്ട്രവുമായി നടത്തുന്ന പൂർണ്ണസഹകരണം വിലമതിക്കാനാവാത്തതാണെന്നും അത് രാജ്യത്തിന് ഏറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുവെന്നും കർദിനാൾ കൂട്ടിച്ചേർത്തു.ജക്കാർത്ത അതിരൂപതയിൽ നടത്തുന്ന, ഏകദൈവത്തിലുള്ള വിശ്വാസവും, സഹജീവികളോടുള്ള സ്നേഹവും, രാഷ്ട്രത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും, ജ്ഞാനത്തോടെയുള്ള ജനാധിപത്യഭരണവും, സാമൂഹിക നീതി സ്ഥാപനവും തുടങ്ങിയ പഞ്ചശില പ്രവർത്തനമാർഗ്ഗരേഖയും കർദിനാൾ അഭിമുഖത്തിൽ എടുത്തു പറഞ്ഞു. പാപ്പായെ കാത്തിരിക്കുന്നതിൽ എല്ലാവരും കാണിക്കുന്ന അളവറ്റ സന്തോഷവും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.