പാരീസ്: ജൂലൈ ഇരുപത്തിയാറു മുതൽ ഓഗസ്റ്റ് പതിനൊന്നുവരെ പാരീസിൽ നടക്കുന്ന ഒളിമ്പിക്സ് മതസരങ്ങളുടെ ഉദ്ഘാടത്തിനു മുന്നോടിയായി പാരീസിലെ ദേവാലയത്തിൽ, ഫ്രാൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ചേലസ്തീനോ മില്ല്യോരെയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. നിരവധി മെത്രാന്മാരും വൈദികരും സഹകാർമികത്വം വഹിച്ചു. ഒളിംപിക്സ് മത്സരങ്ങളുടെ സംഘാടക സമിതി അംഗങ്ങളും, നയതന്ത്രപ്രതിനിധികളും വിശുദ്ധ ബലിയിൽ പങ്കെടുത്തു. തദവസരത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശവും വായിക്കപ്പെട്ടു.
സന്ദേശത്തിൽ, ആസന്നമാകുന്ന ഒളിമ്പിക്സ് മത്സരങ്ങൾ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരുവാൻ ഉതകുമാറാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. മത്സരത്തിൽ പങ്കെടുക്കുവാനായി വിവിധ ഇടങ്ങളിൽ നിന്നും എത്തുന്നവർക്ക് വേണ്ടി ക്രൈസ്തവസ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കുന്നതോടൊപ്പം, മറ്റുള്ളവർക്കായി ഹൃദയ വാതിലുകളും തുറന്നുകൊടുക്കണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. ദുർബലരെയും, സഹായം ആവശ്യമുള്ളവരെയും ചേർത്ത് നിർത്തുന്ന സമൂഹം അഭിനന്ദനമർഹിക്കുന്നുവന്നും പാപ്പാ കൂട്ടിച്ചേർത്തു. അഭിപ്രായവ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കും അതീതമായി രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമാണ് ഈ ഒളിമ്പിക്സ് മത്സര ദിനങ്ങൾ. ഭാഷകൾ, വംശങ്ങൾ, ദേശീയതകൾ, മതങ്ങൾ എന്നിവയ്ക്ക് അതീതമായ ഒരു സാർവത്രിക ഭാഷയാണ് കായികമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
അതിനാൽ സ്വയം മെച്ചപ്പെടുത്തുന്നതിനും, ത്യാഗമനോഭാവത്തെ വളർത്തുന്നതിനും, സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ മൂല്യം തിരിച്ചറിയുവാനും, പരസ്പര ബന്ധങ്ങളിലുള്ള വിശ്വസ്തത ഊട്ടിയുറപ്പിക്കുവാനും ഈ മത്സരാവസരം ഇടയാക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. ശത്രുതയുള്ളവർ പോലും തമ്മിൽത്തമ്മിൽ അസാധാരണമാം വിധം കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന വേദിയാണ് മത്സരയിടങ്ങൾ. അതിനാൽ എല്ലാ മുൻവിധികളും ഒഴിവാക്കിക്കൊണ്ട് പരസ്പരബഹുമാനവും, സൗഹൃദവും വളർത്താനുള്ള ഒരു അവസരമായി ഈ ഒളിമ്പിക്സ് മാറട്ടെയെന്നും പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.