വത്തിക്കാൻ: രോഗീലേപനം സൗഖ്യദായക കൂദാശകളിൽ ഒന്ന്, അത് ആത്മാവിനെ സുഖമാക്കുന്നൂവെന്നു ഫ്രാൻസീസ് പാപ്പാ. വൈദികൻ രോഗീലേപനം നല്കുന്നതിന് എത്തുന്നത് ജീവിതത്തോട് വിടപറയാൻ സഹായിക്കുന്നു എന്ന് ചിന്തിച്ചാൽ അതിനർത്ഥം പ്രത്യാശ കൈവെടിയുക എന്നാണെന്ന് പാപ്പാ. ചൊവ്വാഴ്ച (02/07/24) സ്പാനിഷ് ഭാഷയിൽ പുറത്തിറക്കിയ ജൂലൈ മാസത്തെ തൻ്റെ പ്രാർത്ഥനാനിയോഗ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ രോഗികൾക്കേകേണ്ടുന്ന അജപാലനശുശ്രൂഷയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്.
ഒരാൾ രോഗിയാണെങ്കിൽ അയാൾക്ക് രോഗീലേപനം നൽകുന്നതും പ്രായാധിക്യത്തിലെത്തിയ വ്യക്തി ഈ കൂദാശ സ്വീകരിക്കുന്നതും ഉചിതമാണെന്ന് വ്യക്തമാക്കുന്ന പാപ്പാ, അത് സ്വീകരിക്കുന്നവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും കർത്താവിൻറെ ശക്തി ലഭിക്കാനും കാരുണ്യത്തിൻറെയും പ്രത്യാശയുടെയും ദൃശ്യഅടയാളമായി അതു മാറാനും വേണ്ടി പ്രാർത്ഥിക്കാൻ സഭാതനയരെ ക്ഷണിക്കുന്നു.