വത്തിക്കാന്‍ സിറ്റി: ഒക്ടോബർ പത്തൊൻപതാം തീയതി കത്തോലിക്ക സഭ കൊണ്ടാടുന്ന ആഗോള പ്രേഷിതദിനത്തിൽ പങ്കാളികളാകുവാൻ ഏവരോടും ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. ഈ അവസരത്തില്‍ പ്രാദേശിക സഭകളില്‍ ഈ ദിനത്തിന്റെ പ്രാധാന്യം അനുസ്മരിക്കണമെന്നു ഇന്നലെ പുറത്തിറക്കിയ വീഡിയോയിലൂടെ ലെയോ പാപ്പ ആഹ്വാനം ചെയ്തു. സഭ മുഴുവൻ മിഷ്ണറിമാർക്കുവേണ്ടിയും, അവരുടെ അപ്പസ്തോലിക പ്രവർത്തനത്തിന്റെ ഫലത്തിനും വേണ്ടിയും പ്രാർത്ഥനയിൽ ഒരുമിക്കുന്ന, ആഗോള പ്രേഷിത ദിനം ഒക്ടോബർ മാസം പത്തൊൻപതാം തീയതി ആഘോഷിക്കുകയാണെന്ന വാക്കുകളോടെയാണ് പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്.
താൻ പുരോഹിതനും, പിന്നീട് പെറുവിൽ മിഷ്ണറി മെത്രാനും ആയിരുന്നപ്പോൾ, ഈ ദിനം വിശ്വാസത്തോടെയും, പ്രാർത്ഥനകളോടെയും, ദാനധർമ്മങ്ങളിലൂടെയും ആചരിച്ചിരിന്നതെന്നും സമൂഹത്തെ പരിവർത്തനം ചെയ്യുന്നതിനു താൻ സാക്ഷിയാണെന്നും പാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു. ലോകത്തിലെ എല്ലാ കത്തോലിക്ക ഇടവകകളെയും, ആഗോള പ്രേഷിത ഞായറാഴ്ച ആചരണത്തില്‍ പങ്കെടുക്കുവാൻ പാപ്പ ക്ഷണിച്ചു. പ്രാർത്ഥനകളും, സഹായങ്ങളും, പ്രേഷിത മേഖലകളിൽ ഉള്ള സഹോദരങ്ങൾക്കിടയിൽ സുവിശേഷം പ്രചരിപ്പിക്കുന്നതിനും, അജപാലന-മതബോധന പദ്ധതികളെ സഹായിക്കുന്നതിനും പുതിയ ദേവാലയങ്ങള്‍ പണിയുന്നതിനും, ആതുര -വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായകരമായി മാറുമെന്ന് പാപ്പ പറഞ്ഞു.
ജനങ്ങൾക്കിടയിൽ “പ്രത്യാശയുടെ മിഷ്ണറിമാർ” ആകുവാൻ ജ്ഞാനസ്നാനം വഴിയായി നമുക്ക് ലഭിച്ച ആഹ്വാനത്തെക്കുറിച്ച് ഒക്ടോബർ 19ന്, നാം ഒരുമിച്ച് ചിന്തിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിനെ ഭൂമിയുടെ അതിരുകളിലേക്ക് കൊണ്ടുവരാനുള്ള നമ്മുടെ മധുരവും സന്തോഷകരവുമായ പ്രതിബദ്ധത പുതുക്കാം. ലോകമെമ്പാടുമുള്ള മിഷ്ണറിമാരെ സഹായിക്കാനുള്ള പാപ്പായുടെ ഉദ്യമങ്ങളെ സഹായിക്കുന്ന ഏവർക്കും നന്ദിയർപ്പിച്ചും ദൈവാനുഗ്രഹങ്ങള്‍ നേർന്നുകൊണ്ടുമാണ് വീഡിയോ സന്ദേശം അവസാനിക്കുന്നത്.