വത്തിക്കാന്‍ സിറ്റി: സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ കണ്ടെത്തലുകള്‍ സഭാ ജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതിന് മൂന്ന് വര്‍ഷത്തെ നടപ്പാക്കല്‍ ഘട്ടത്തിന് ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കി. 2028-ല്‍ വത്തിക്കാനില്‍ നടക്കുന്ന സമ്മേളനത്തിനുമുമ്പ്, സഭയുടെ എല്ലാ തലങ്ങളിലും രൂപതകളിലും, ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ തലത്തിലും സന്യാസസമൂഹങ്ങളിലും സിനഡാലിറ്റിയെ സമന്വയിപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സിനഡ് സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെച്ച് വ്യക്തമാക്കി. ഒരു പുതിയ സിനഡ് വിളിക്കുകയില്ലെന്നും പകരം, ഇതുവരെ സ്വീകരിച്ച നടപടികള്‍ ക്രോഡീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എല്ലാ ബിഷപ്പുമാര്‍ക്കും ദേശീയ, പ്രാദേശിക ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ പ്രസിഡന്റുമാര്‍ക്കും അയച്ച കത്തില്‍ കര്‍ദിനാള്‍ പറഞ്ഞു.
റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പ മാര്‍ച്ച് 11-നാണ് ഈ ത്രിവത്സര പദ്ധതിക്ക് അംഗീകാരം നല്‍കിയത്. മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ സമാപനരേഖ സഭാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അല്‍മായ പങ്കാളിത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. 2028 ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന അന്തിമ സമ്മേളനത്തിന് മുമ്പ് രൂപത, ദേശീയ, ഭൂഖണ്ഡാന്തര തലങ്ങളില്‍ സിനഡല്‍ തത്വങ്ങള്‍ എത്രത്തോളം സഭാത്മകജീവിതത്തില്‍ സമന്വയിപ്പിച്ചു എന്നതിന്റെ പുരോഗതി വിലയിരുത്തും. തുടര്‍ന്ന് 2028 ഒക്‌ടോബര്‍ മാസത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സഭാ നേതാക്കള്‍ സിനഡല്‍ യാത്രയെക്കുറിച്ച് വിചിന്തനം ചെയ്യുകയും ഭാവി നടപടികള്‍ തീരുമാനിക്കുകയും ചെയ്യുമെന്ന് കര്‍ദിനാളിന്റെ കത്തില്‍ പറയുന്നു.